എന്താണീ റഷ്യൻ കൂലിപ്പട്ടാളം? 20ദിന ട്രെയിനിങ്! ഗ്രനേഡ് കയ്യിൽ തരും, തോക്കെടുത്ത് യുക്രെയ്നുനേരെ വെടിവയ്ക്കണം; പെട്ട മലയാളിയുടെ അനുഭവം
യുക്രെയ്നെ എളുപ്പത്തിൽ തറപറ്റിക്കാമെന്ന ധാരണയിൽ ഇറങ്ങിത്തിരിച്ച റഷ്യ, ഇപ്പോൾ സകല തന്ത്രങ്ങളും പയറ്റുകയാണ്. പട്ടാളക്കാരുടെ ക്യാമ്പുകളിൽ പാചകം അടക്കമുള്ള ജോലികൾക്ക് എന്നുപറഞ്ഞ് എത്തിച്ചവരെയാണ് ഇപ്പോൾ യുദ്ധമുഖത്തേക്ക് അയക്കുന്നത്. വർഷങ്ങളോളം പരിശീലനം നേടിയ സൈനികർ ചെയ്യുന്ന ജോലികളാണ്, നിത്യവൃത്തിക്ക് ഇവിടെ എത്തിച്ചേർന്നവർക്ക് ഇപ്പോൾ ചെയ്യേണ്ടിവരുന്നത്. തോക്കും ഗ്രനേഡ് അടക്കമുള്ളവ കയ്യിൽ പിടിപ്പിച്ച്, സൈനികവേഷവും അണിയിച്ചാണ് ഈ കൂലിപ്പട്ടാളത്തെ അവതരിപ്പിച്ചത്.
യുദ്ധത്തിൽ റഷ്യ പ്രതീക്ഷിച്ചതിലും അധികം ആൾനാശം ഉണ്ടായതോടെയാണ് കൂലിപ്പട്ടാളം എന്ന പേരിൽ ചാവേർ സ്ക്വാഡിനെ ഇറക്കുന്നതെന്ന് യുദ്ധമുഖത്ത് പോയി ഭാഗ്യംകൊണ്ട് മാത്രം രക്ഷപ്പെട്ട തൃശ്ശൂർ സ്വദേശി സന്തോഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. “ഇത് പറയുമ്പോൾ പോലും അന്നത്തെ വിറയലുണ്ട്. ആദ്യമെത്തിയ സംഘത്തിലായിരുന്നു ഞാൻ. മൂന്നുമാസം ആയിരുന്നു പരിശീലനം. പിന്നീട് വന്നവർക്ക് വെറും 20 ദിവസമായിരുന്നു ട്രെയിനിങ്. അവിടെ നിന്നാണ് സൈനിക ക്യാമ്പിൽ ജോലിക്ക് എത്തിയത്”. പാചകം അടക്കം ചെയ്യുമ്പോൾ പെട്ടെന്ന് ഒരു ദിവസം യൂണിഫോമിൽ യുദ്ധമുഖത്തേക്ക് പോകാൻ നിർദ്ദേശം വരുകയായിരുന്നു എന്ന് സന്തോഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
“യൂണിഫോം ധരിച്ച് തോക്കും ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായിട്ട് ആയിരുന്നു യുദ്ധമുഖത്തേക്കുള്ള പുറപ്പാട്. എത്തിയ ആദ്യ ദിവസം തന്നെ യുക്രെയിൻ ക്യാമ്പ് വെടിവെച്ച് തകർക്കാനാണ് നിർദ്ദേശം നൽകിയത്. ഭയന്നു പോയെങ്കിലും പിടിച്ചുനിൽക്കാൻ ശ്രമിച്ചു. വലിയ രീതിയിലുള്ള ആക്രമണം തിരിച്ച് റഷ്യൻ സേന നേരിടുന്നുണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് തൃശൂർ സ്വദേശി ബിനിൽ കൊല്ലപ്പെട്ടത്. ഇതോടെ വലിയ സമ്മർദ്ദത്തിന്റെ ഫലമായി ബിനിലിൻ്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ അനുവാദം ലഭിക്കുകയായിരുന്നു”. മലയാളികൾ മാത്രമല്ല ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചതിയിൽ കൂലിപ്പട്ടാളത്തിൽ പെട്ടുപോയിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു.
“പരുക്കേൽക്കുന്നവരെ മാറ്റാനും മറ്റുമാണ് യുദ്ധമുഖത്ത് ആദ്യം നിയോഗിച്ചത്. യുദ്ധം മുറുകിയതോടെ യൂണിഫോമും നൽകി, തോക്കും ഗ്രനേഡും പിടിച്ച് ഏൽപിക്കുകയായിരുന്നു. റഷ്യൻ സൈന്യത്തോടൊപ്പം തന്നെയാണ് ഈ കൂലിപ്പട്ടാളത്തെയും നിയോഗിച്ചത്. എന്നാൽ പ്രത്യേക കമാൻഡറോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം മരിച്ച ബിനിലിനും മറ്റും തങ്ങൾക്ക് ലഭിച്ചത്ര പോലും പരിശീലനം ലഭിച്ചിരുന്നില്ല. ക്യാമ്പിലേക്ക് വെള്ളം എത്തിക്കാനും പരിക്കേറ്റവരെ മാറ്റാനുമാണ് ഇവരെ ഉപയോഗിച്ചിരുന്നത്. അവരെയും യുദ്ധമുഖത്തേക്ക് തള്ളി വിട്ടതാണ് ജീവൻ നഷ്ടപ്പെടാൻ കാരണമായത്.”
പരുക്കേൽക്കുന്ന റഷ്യൻ സൈനികർക്ക് കൃത്യമായ ചികിത്സ ലഭിക്കുമെങ്കിലും കൂലിപ്പട്ടാളത്തിന് അത് ലഭിക്കാറില്ല എന്നും സന്തോഷ് വ്യക്തമാക്കി. അപകടകരമായ മേഖലകളിലാക്കിയാണ് ഇവരെ ഉപയോഗിച്ചത്. ഇന്ത്യക്കാർ മാത്രമല്ല വിവിധ രാജ്യങ്ങളിൽ നിന്നുള്ള വരെ ഇത്തരത്തിൽ കൂലിപ്പട്ടാളമാക്കി മാറ്റിയിട്ടുണ്ട്. ഇവർ കൊല്ലപ്പെട്ടാൽ റഷ്യൻ സൈന്യത്തിന്റെ കണക്കിൽ വരികയോ ഒരു ആനുകൂല്യവും ലഭിക്കുകയോ ഇല്ല.
ഒരു ഏജന്റ് വഴി 80,000 രൂപ നൽകിയാണ് റഷ്യയിലേക്ക് പോയത്. ഇപ്പോൾ കൊല്ലപ്പെട്ട ബിനിലിന്റെ അടുത്ത ബന്ധുവും തങ്ങളെ ചതിച്ച സംഘത്തിൽ ഉണ്ടായിരുന്നു. മലയാളിയായ ഒരു റഷ്യൻ പൗരന്റെ സഹായത്തോടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്നും സന്തോഷ് പറഞ്ഞു. യുദ്ധത്തിൽ വലിയ ആൾനാശത്തിൻ്റെ പേരിൽ റഷ്യൻ പ്രസിഡന്റ് പുദിൻ വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇത് ഒഴിവാക്കാനാണ് സൈന്യത്തിന്റെ അതേ യൂണിഫോമിൽ കൂലിപ്പട്ടാളത്തെ അവതരിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here