പുടിനെ അറസ്റ്റ് ചെയ്യാൻ ആരുണ്ട്? അന്താരാഷ്ട്ര കോടതിയുടെ വാറൻ്റിന് പുല്ലുവില കൽപിച്ച് റഷ്യൻ പ്രസിഡൻ്റ്

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറൻ്റിന് പുല്ലുവില കൽപ്പിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാഡമിർ പുടിൻ. 2023 മാർച്ചിലാണ് പുടിന് അറസ്റ്റ് വാറൻ്റ് നൽകിയത്. യുക്രെയ്നിലെ അധിനിവേശത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്ന നിലയിലായിരുന്നു നടപടി.
എന്നാലിപ്പോൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അംഗരാജ്യം സന്ദർശിക്കാൻ ഒരുങ്ങുകയാണ് ആരോപണ വിധേയൻ. അടുത്ത മാസം മൂന്നിന് റഷ്യൻ പ്രസിഡൻ്റ് മംഗോളിയ സന്ദർശിക്കും എന്നാണ് അറിയിപ്പ്. കഴിഞ്ഞ വർഷം മാർച്ചിലാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതി വാറന്റ് പുറപ്പെടുവിച്ചത്.
അറസ്റ്റ് വാറന്റുള്ള അംഗരാജ്യത്ത് ആരോപണ വിധേയൻ എത്തിയാൽ പിടികൂടി തടങ്കലിൽ വയ്ക്കാനാണ് വ്യവസ്ഥയുള്ളത്. എന്നാൽ ഈ നിർദേശം നടപ്പിലാക്കാൻ അന്താരാഷ്ട്ര കരാർ പ്രകാരം രാജ്യത്തെ കോടതികൾക്ക് അധികാരമില്ല. മുമ്പ് ഇതേ മട്ടിൽ തൻ്റെ പേരിൽ വാറൻ്റ് നിലനിൽക്കെ സുഡാൻ പ്രസിഡന്റ് ഉമർ അൽബശ്ശാർ ദക്ഷിണാഫ്രിക്ക സന്ദർശിച്ചിരുന്നു. എന്നാൽ അന്താരാഷ്ട്ര കോടതിയിൽ അംഗരാജ്യമായ ദക്ഷിണാഫ്രിക്ക അറസ്റ്റ് ചെയ്തില്ല. ഇതും പുടിൻ്റെ ഇപ്പോഴത്തെ സന്ദർശനത്തെ സാധൂകരിക്കും.
അതേസമയം റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് പശ്ചാത്യ രാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വോളോഡമിർ സെലൻസ്കി ആവശ്യപ്പെട്ടു. ഖാർകിവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ പതിനാലുകാരിയായ പെൺകുട്ടി ഉൾപ്പെടെ നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ആവശ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here