‘തല’ മാറി തലമുറ മാറ്റം; സൂപ്പർ കിങ്സിന് പുതിയ നായകൻ, ചെന്നൈയെ ഇനി റുതുരാജ് ഗെയ്ക്‌വാദ് നയിക്കും, സ്ഥാനമൊഴിഞ്ഞ് എം.എസ് ധോണി

ചെന്നൈ: ഐപിഎൽ ക്രിക്കറ്റ് മാമാങ്കത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം എം.എസ് ധോണി ഒഴിഞ്ഞു. യുവതാരം റുതുരാജ് ഗെയ്ക്‌വാദാണ് പുതിയ ക്യാപ്റ്റൻ. ഐപിഎൽ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈക്ക് വേണ്ടി റുതുരാജ് എത്തിയത്.

2008മുതൽ തുടർച്ചയായി ധോണിയാണ് ചെന്നൈയെ നയിച്ചത്. 2022ൽ ക്യാപ്റ്റൻസി രവീന്ദ്ര ജഡേജക്ക് കൈമാറിയെങ്കിലും തുടർച്ചയായ തോൽവിയെത്തുടർന്ന് ധോണിയെ വീണ്ടും ക്യാപ്റ്റൻ ആക്കുകയായിരുന്നു. ധോണിയുടെ കീഴിൽ അഞ്ച് കിരീടമാണ് ചെന്നൈ നേടിയത്. കഴിഞ്ഞ സീസണിലെ വിജയം ആവർത്തിക്കാൻ നായകനായി ധോണി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് സർപ്രൈസായാണ് പുതിയ ക്യാപ്റ്റന്റെ പ്രഖ്യാപനം. 2019 മുതല്‍ റുതുരാജ് ചെന്നൈക്ക് വേണ്ടി കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിത് ശർമയും മാറിയിരുന്നു. ഹാർദ്ദിക് പാണ്ഡ്യയാണ് ഇത്തവണ മുംബൈയെ നയിക്കുന്നത്.

നാളെ ആരംഭിക്കുന്ന ഐപിഎൽ ക്രിക്കറ്റിൽ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പ്ലെസിസാണ് ചലഞ്ചേഴ്സിന്റെ ക്യാപ്റ്റൻ. ഐപിഎല്ലിന്റെ എല്ലാ സീസണിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ച വിരാട് കോലിയാണ് ബാംഗ്ലൂരിന്റെ തുറുപ്പുചീട്ട്. മൊത്തം 10 ടീമുകളാണ് ഐപിഎല്ലിൽ ഇത്തവണ ഏറ്റുമുട്ടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top