എസ്.ജയചന്ദ്രൻ നായർ അന്തരിച്ചു; വിട പറഞ്ഞത് മലയാള മാധ്യമ രംഗത്തെ അതികായന്‍

കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ എഡിറ്ററായിരുന്ന എസ്.ജയചന്ദ്രൻ നായർ (85) ബംഗളുരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് നടക്കും. 1975ൽ കേരളകൗമുദി പത്രാധിപരായിരുന്ന എം.എസ്.മണി കലാകൗമുദി വാരിക ആരംഭിക്കുമ്പോൾ അദ്ദേഹം സഹ പത്രാധിപരായിരുന്നു. കേരള രാജ്യം, കൗമുദി, കേരളകൗമുദി എന്നീ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.

2012ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ ‘എന്റെ പ്രദക്ഷിണ വഴികൾ’ എന്ന പുസ്തകത്തിനു ലഭിച്ചിട്ടുണ്ട്.

ഒഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ച് പ്രശസ്ത കവിയും ദേശാഭിമാനിയില്‍ റസിഡന്റ് എഡിറ്ററുമായ പ്രഭാവര്‍മ്മ എഴുതിയ ലേഖനത്തെ തുടര്‍ന്ന് മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണം വാരികയുടെ എഡിറ്റര്‍ കൂടിയായ ജയചന്ദ്രന്‍ നായര്‍ ഇടപെട്ട് നിര്‍ത്തിയിരുന്നു. ജയചന്ദ്രന്‍ നായരുടെ പത്രാധിപ കുറിപ്പോടു കൂടിയായിരുന്നു കാവ്യം നിര്‍ത്തിവെച്ചത്. ഇതേ ചൊല്ലി പത്ര ഉടമകളും ജയചന്ദ്രന്‍ നായരും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം മുളപൊട്ടുകയായിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചത്.

എസ്.ജയചന്ദ്രൻ നായർ പത്രാധിപരായിരുന്ന കാലത്താണ് കലാകൗമുദിയിൽ എം ടിയുടെ രണ്ടാമൂഴം ഖണ്ഡശയായി പ്രസിദ്ധീകരിച്ചത്. മലയാള മനോരമയിലെ കാർട്ടൂണിസ്റ്റായിരുന്ന ടോംസിനെ കലാകൗമുദിൽ കൊണ്ടു വന്ന് ബോബനും മോളിയും വരപ്പിക്കുന്നതിന് മുൻകൈ എടുത്തത് അദ്ദേഹമായിരുന്നു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയത് വിവാദമായിരുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ പത്രപ്രവര്‍ത്തക പെന്‍ഷന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിച്ചതായും എന്നാല്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം എഴുതിയിരുന്നു.

കേരളത്തിൽ പരിസ്ഥിതി വിഷയത്തെ അധികരിച്ച് കേരള കൗമുദിയിൽ എസ്. ജയചന്ദ്രൻ നായരും എൻ.ആർ.എസ്.ബാബുവും ചേർന്നെഴുതിയ കാട്ടുകള്ളന്മാര്‍ എന്ന പരമ്പര കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കി. വനം മന്ത്രി ഡോ. കെ.ജി.അടിയോടിക്കെതിരെ ആയിരുന്നു ആരോപണങ്ങൾ ഉയർന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top