ഞായറാഴ്ച ഓഫ് ഉപേക്ഷിച്ച് ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി; എൽ ആൻഡ് ടി ചെയര്‍മാന്റെ വാദത്തിന് മറുപടി ഇങ്ങനെ..

ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ചെയർമാൻ എസ്.എന്‍. സുബ്രഹ്മണ്യന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ എങ്കിലും ജോലി ചെയ്യണമെന്നും ഞായറാഴ്ചകളിലെ അവധി പോലും ഉപേക്ഷിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എത്ര നേരം നിങ്ങളുടെ ഭാര്യയെ നോക്കി ഇരിക്കാൻ കഴിയും? എന്നും അദ്ദേഹം ചോദിച്ചതോടെ വിവാദത്തിന് വേറെ കാരണം തിരയേണ്ട എന്ന അവസ്ഥയായി.

ചൈനീസ് തൊഴിലാളികൾ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്നു. എന്നാല്‍ അമേരിക്കക്കാര്‍ 50 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ. അതിനാല്‍ ചൈനക്ക് അമേരിക്കയെ മറികടക്കാന്‍ കഴിയുമെന്നും സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം കനത്തത്. അദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ നിരന്നു. ഞെട്ടിക്കുന്ന പ്രസ്താവന എന്ന് പറഞ്ഞ് നടി ദീപിക പദുക്കോണ്‍ കൂടി രംഗത്തുവന്നതോടെ സുബ്രഹ്മണ്യനെ എതിര്‍ക്കുന്നവര്‍ ആവേശത്തിലായി. ജപ്പാനിലെ പുതിയ പരിഷ്ക്കാരവും ചൂണ്ടിക്കാണിക്കപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ദിവസം ആഴ്ചയില്‍ നാലാക്കി കുറച്ചു. വീടിന്റെ പേരില്‍ ആര്‍ക്കും ജോലി ഉപേക്ഷിക്കേണ്ടി വരില്ല എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതും ഇവര്‍ എടുത്തു പറഞ്ഞു.

സിഇഒമാര്‍ സൗകര്യപൂര്‍വം ഒരു കാര്യം മറന്നു. ഞായറാഴ്ച ജോലി ചെയ്യുന്നുണ്ടെങ്കിലും അവരുടെ ശമ്പളം തല്‍ക്കാലം മറച്ചുവച്ചു. ബോണസുകൾ, ആനുകൂല്യങ്ങൾ, ഓഹരികള്‍ എന്നിവ അടക്കം ദശലക്ഷം ശമ്പളം വാങ്ങുന്നവരാണ് സിഇഒമാര്‍. എന്നാല്‍ ജീവനക്കാരോ, ബൈക്കിലോ കാറിലോ എത്തി ജോലി ചെയ്യുന്നവരാണ്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടുന്ന ശരാശരി വരുമാനം മാത്രമാണ് ഇവര്‍ക്കുള്ളത്. ഇത് തന്നെ സിഇഒയും ജീവനക്കാരും തമ്മില്‍ വലിയ അന്തരം സൃഷ്ടിച്ചിട്ടുണ്ട്.

വലിയ എതിര്‍പ്പാണ് പ്രസ്താവനയുടെ പേരില്‍ രൂപപ്പെട്ടത്. ഇപ്പോള്‍ മറ്റൊരു ചോദ്യം എല്‍ആന്റ് ടി ചെയര്‍മാന് നേരെ ഉയരുകയാണ്. ജോലി പൂർത്തിയാക്കാൻ നിങ്ങൾ എന്തുകൊണ്ട് 90 മണിക്കൂർ എടുത്തു? ദയവായി ഒരു ഇടവേള എടുക്കുക. ജോലിക്കിടയില്‍ വിശ്രമിക്കുക. ഭാര്യയെ തുറിച്ചുനോക്കുന്നതിന് പകരം വീട്ടുജോലിയുടെ കാര്യത്തില്‍ അവളെ സഹായിച്ചാലോ? ഈ ചോദ്യത്തിന് എന്തായാലും സുബ്രഹ്മണ്യന്‍റെ ഉത്തരം വന്നിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top