ഇടുക്കിയിലെ ബിജെപി ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ പൊളിച്ച് പിണറായി – ഗോവിന്ദൻ കോംബോ! രാജേന്ദ്രൻ പാർട്ടി വിടില്ലെന്ന് ഉറപ്പായി; മണിയാശാന്‍ നേരിട്ടെത്തിയതോടെ പിണക്കംതീര്‍ന്നു

ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ സിപിഎമ്മില്‍ ഉറച്ചു നില്‍ക്കും. മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എസ് രാജേന്ദ്രന്‍ പങ്കെടുത്തു. ഇതോടെ രാജേന്ദ്രന്‍ വീണ്ടും പാർട്ടിയിൽ സജീവമാകുമെന്ന് ഉറപ്പായി. ഒപ്പം ബിജെപിയിലേക്ക് നീങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കും വിരമമാകുന്നു.

പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രന് ഇനി പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കും. ഇതിന് രാജേന്ദ്രന്‍ അപേക്ഷ നല്‍കും. മുമ്പുണ്ടായിരുന്ന പദവിയെല്ലാം തിരികെ നല്‍കും. രാജേന്ദ്രന്‍ സിപിഎം വിടില്ലെന്നും സമവായ ധാരണകൾ രൂപപ്പെടുകയാണെന്നും മാധ്യമ സിന്‍ഡിക്കറ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമായി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെ രാജേന്ദ്രൻ്റെ സാന്നിധ്യം.

മൂന്നാറില്‍ നടന്ന എല്‍ഡിഎഫ് ദേവികുളം നിയോജക മണ്ഡലം കണ്‍വെന്‍ഷനിലാണ് എസ് രാജേന്ദ്രന്‍ പങ്കെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണരംഗത്ത് സജീവമാകാനും തീരുമാനിച്ചതായാണ് സൂചന. ഇന്നലെ ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസും രാജേന്ദ്രൻ്റെ വീട്ടിലെത്തി ചര്‍ച്ച നടത്തിയിരുന്നു. രാജേന്ദ്രന്റെ സുഹൃത്തായ പാര്‍ട്ടി നേതാവിനെ ചര്‍ച്ചകള്‍ക്കായി നേരത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എല്ലാം സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമായിരുന്നു. ഇതിനൊടുവിലാണ് ധാരണയിൽ എത്തിയിരിക്കുന്നത്.

പാര്‍ട്ടിയുമായി സഹകരിച്ച് മുന്നോട്ട് പോകണമെങ്കില്‍ ചില നിബന്ധനകള്‍ എസ് രാജേന്ദ്രന്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. പ്രാദേശിക ഘടകത്തിലെ നേതൃസ്ഥാനം അടക്കമാണ് രാജേന്ദ്രൻ ആവശ്യപ്പെട്ടിരുന്നത്. സാധ്യമായതെല്ലാം തിരികെ നൽകാമെന്ന് ധാരണയായിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലിച്ചു. സര്‍ക്കാരിൽ നല്‍കാനാകാവുന്ന പദവി ഏതെങ്കിലുമുണ്ടോയെന്നും പരിഗണിക്കും. സിപിഎമ്മില്‍ നിന്നും ആരും ബിജെപിയിലേക്ക് പോകാതിരിക്കാനുള്ള കരുതലാണ് ഇതെല്ലാം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എ രാജയ്‌ക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുത്തിരുന്നില്ല. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപേ ബിജെപിയിലേക്ക് നീങ്ങുന്നു എന്ന സൂചന എസ് രാജേന്ദ്രന്‍ തന്നെ നല്‍കുകയായിരുന്നു. ഇതോടെയാണ് ഇദ്ദേഹവുമായി ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറായത്. ഇടുക്കിയില്‍ രാജേന്ദ്രനെ കൂടെകൂട്ടി ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് ബിജെപി പദ്ധതിയിട്ടത്. ഇതിനെയാണ് പിണറായിയും ഗോവിന്ദനും ചേര്‍ന്ന് തകര്‍ത്തത്.

തമിഴ് കുടിയേറ്റ തൊഴിലാളികള്‍ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളില്‍ സ്വാധീനമുള്ള മറ്റ് പാര്‍ട്ടി നേതാക്കളെ അടര്‍ത്തിയെടുക്കാന്‍ കുറച്ചുനാളായി ബിജെപി ശ്രമിച്ചുവരികയാണ്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ചൂടേറിയ ചര്‍ച്ചയായതിന് തൊട്ടുപിന്നാലെ രാജേന്ദ്രനെയും ബിജെപി ചാക്കിടാൻ ശ്രമിച്ചുവെന്ന വിവരം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു. വിവരം രാജേന്ദ്രൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top