ശബരിമലയിലെ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാം; അനുമതി നല്‍കി സുപ്രീംകോടതി
ഡൽഹി: കീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്കയുണ്ടെന്നതിനാല്‍ വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ സുപ്രീംകോടതിയുടെ അനുമതി. കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിന്‍ അരവണയാണ് നശിപ്പിക്കാന്‍ അനുമതി നല്‍കിയത്. ദേവസ്വം ബോർഡിന്റെ ഹർജിയിലാണ് ഈ നിർദ്ദേശം. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സഹകരിച്ചുവേണം അരവണ നശിപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. എങ്ങനെ എവിടെവച്ച് നശിപ്പിക്കണമെന്ന കാര്യത്തിൽ ഇരുവർക്കും ചേർന്ന് തീരുമാനമെടുക്കാം എന്നും കോടതി അറിയിച്ചു.
അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിക്കുകയും ചെയ്തു. വാണിജ്യ താത്പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപെടൽ ശരിയായില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
അരവണ നിർമ്മിക്കാൻ ഉപയോഗിച്ച ഏലക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് കേരള ഹൈക്കോടതി വില്പന തടഞ്ഞത്. ഇത്രയും അരവണ വിൽക്കാനാവാത്തതിനെത്തുടർന്ന് കോടിക്കണക്കിന് രൂപയാണ് ദേവസ്വം ബോർഡിന് നഷ്ടമായത്. ടിന്നുകൾ ജനുവരി മുതൽ ശബരിമലയിലെ വിവിധ ഗോഡൗണുകളിലാണ് സൂക്ഷിക്കുന്നത്.
കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോര്‍ട്ട് നൽകിയിരുന്നു. എന്നാൽ ഉത്പാദിപ്പിച്ച് രണ്ടുമാസം കഴിഞ്ഞതിനാൽ ഇത് വിൽക്കില്ലെന്ന് ബോർഡ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here