ശബരിമലയില്‍ ഭക്തര്‍ക്ക് നരകയാതന; ക്രമീകരണങ്ങള്‍ പാളിയത് തിരിച്ചടിയായി
പത്തനംതിട്ട: ശബരിമലയില്‍ ഇന്നലെ വന്‍ ഭക്തജനത്തിരക്ക്. ക്രമീകരണങ്ങള്‍ എല്ലാം പാളിയപ്പോള്‍ തീർത്ഥാടകർക്ക് നരകയാതനയായി. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ഭക്തര്‍ വലഞ്ഞു. ദർശനത്തിനായി 18 മണിക്കൂർവരെ കാത്തുനിൽക്കേണ്ടിയും വന്നു.
ഭക്തജനത്തിരക്ക് ക്രമാതീതമായപ്പോള്‍ ദർശന സമയം വൈകിട്ട് ഒരു മണിക്കൂർ നീട്ടി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുമായി ദേവസ്വം ബോർഡ് അധികാരികൾ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ദര്‍ശനം ഒരു മണിക്കൂര്‍ കൂടി നീട്ടിയത്.
വെർച്വൽ ക്യൂ സംവിധാനം പൊലീസില്‍ നിന്നും ദേവസ്വം ബോർഡ് ഏറ്റെടുത്തതോടെയാണ് ക്രമീകരണം പാളാന്‍ തുടങ്ങിയത്. ക്യൂവിന്റെ കാര്യത്തില്‍ പോലീസ് പഴയപോലെ താത്പര്യമെടുക്കുന്നില്ല. ക്യൂ സംവിധാനം ദേവസ്വം ബോർഡിന് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുമില്ല. വെർച്വൽ ക്യൂ വഴിയുള്ള കടത്തിവിടുന്നത് 90,000 ആയിരുന്നത് 80,000 ആക്കിയെങ്കിലും ക്രമീകരണങ്ങളിലെ പാളിച്ച കാരണം ഇതും ഫലപ്രദമായില്ല. ഇതോടെ തിരക്ക് പിന്നെയും കൂടി.
പതിനെട്ടാംപടി കയറുന്നവരുടെ എണ്ണം മിനിട്ടില്‍ 85നും 95നും ഇടയിലായിരുന്നത് കഴിഞ്ഞ ദിവസങ്ങളിൽ 60 ആയി കുറച്ചു. ഇതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി. കഴിഞ്ഞ ദിവസങ്ങളിൽ 3500 പേരോളം മാത്രമാണ് പടി കയറിയത്. 5000 മുതൽ 5700 വരെ തീർത്ഥാടകർ മുന്‍പ് പൊലീസ് സഹായത്തോടെ മുന്‍പ് പടി കയറിയിരുന്നു. തിരക്ക് ക്രമാതീതമായതോടെ സന്നിധാനം മുതൽ നിലയ്ക്കൽ വരെ തീർത്ഥാടകരെ പല സ്ഥലത്ത് തടഞ്ഞു. വാഹന നിര ഇലവുങ്കൽ വരെ നീണ്ടു. പത്തനംതിട്ടയിൽ നിന്ന് വാഹനങ്ങൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here