ദര്‍ശന സമയം നീട്ടി; വൈകിട്ട് 3 മണിക്ക് ശബരിമല നട തുറക്കും

ശബരിമല : ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ ദര്‍ശന സമയം നീട്ടി. ഒരു മണിക്കൂര്‍ ദര്‍ശന സമയം നീട്ടാന്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അനുമതി നല്‍കി. ഹൈക്കോടതി സമയം നീട്ടുന്നത് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദര്‍ശന സമയം നീട്ടാന്‍ ദേവസ്വം ബോര്‍ഡിന് തന്ത്രി അനുമതി നല്‍കിയിരിക്കുന്നത്. വൈകിട്ട് നടതുറക്കുന്നത് ഒരു മണിക്കൂര്‍ നേരത്തെയാക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 മണിവരേയും വൈകുന്നേരം 4 മുതല്‍ 11 വരെയുമാണ് നടതുറന്നിരിക്കുന്നത്. ഇന്ന് മുതല്‍ വൈകുന്നേരം നടതുറക്കുന്നത് 3 മണിയാക്കി. ഇതോടെ ദര്‍ശന സമയം 18 മണിക്കൂറായി.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശബരിമലയില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 90000 പേര്‍ക്കാണ് ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കിങ് അനുവദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇത് പൂര്‍ണ്ണമായും ബുക്ക് ചെയ്ത് അവസ്ഥയാണ്. ഇതോടെ ഭക്തര്‍ക്ക് ദര്‍ശനത്തിന് 10 മണിക്കൂര്‍ വരെ കാത്ത് നില്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇന്ന് നടയടഞ്ഞ് കിടന്ന സമയത്തും ഭക്തരെ പതിനെട്ടാം പടി ചവിട്ടാന്‍ അനുമതി നല്‍കിയിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 80000 ആക്കി കുറച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here