മലയാളിയുടെ മരണത്തിന് പിന്നാലെ റഷ്യക്ക് ഇന്ത്യയുടെ അന്ത്യശാസനം; യുക്രെയ്നെതിരെ കൂലിപ്പട്ടാളമായി ഉപയോഗിക്കുന്ന പൗരൻമാരെ ഉടൻ തിരിച്ചയക്കണമെന്ന് ആവശ്യം
യുക്രെയ്നുമായുളള പോരാട്ടത്തിൽ റഷ്യക്ക് വേണ്ടി യുദ്ധം ചെയ്ത തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടതിന് പിന്നാലെ നിർണായക ഇടപെടലുമായി ഇന്ത്യ. റഷ്യൻ സൈന്യത്തിൽ കൂലിപ്പട്ടാളമായി ജോലി ചെയ്യുന്ന എല്ലാ പൗരൻമാരെയും വിട്ടയക്കണമെന്നാണ് ആവശ്യം. യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം പത്തായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ. റഷ്യൻ സൈനിക യൂണിറ്റുകളിൽ പാചകക്കാരും സഹായികളും പോലുള്ള സപ്പോർട്ട് സ്റ്റാഫായി സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നാണ് ആവശ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കഴിഞ്ഞ വർഷം നടന്ന രണ്ട് യോഗങ്ങളിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു.
മോസ്‌കോയിലെ റഷ്യൻ അധികൃതരുമായും ന്യൂഡൽഹിയിലെ റഷ്യൻ എംബസിയുമായും ഇക്കാര്യം ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. എന്നാൽ നിലവിൽ എത്ര ഇന്ത്യക്കാർ റഷ്യക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്ന കാര്യം വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല.
മെച്ചപ്പെട്ട ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിൽ ചതിയിൽപ്പെട്ടാണ് ബിനിൽ ബാബു റഷ്യൻ കൂലിപ്പട്ടാളത്തിൻ്റെ ഭാഗമായിരുന്നത്. അകന്ന ബന്ധു വഴിയാണ് കഴിഞ്ഞ വർഷം ഒരു ബന്ധുവായ ജയിനിനൊപ്പം ഏപ്രിൽ നാലിന് റഷ്യയിൽ എത്തിയത്. പോളണ്ടിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇവരെ യാത്രയ്ക്ക് സന്നദ്ധരാക്കിയത്.വിസയുടെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലായപ്പോഴാണ് ജോലി റഷ്യയിലാണെന്ന് ഇവർക്ക് മനസിലായത്.
യുക്രെയ്നിലുണ്ടായ ഷെല്ലാക്രമണത്തിനിടയിലാണ് ബിനിൽ കൊല്ലപ്പെട്ടത്. ബന്ധുവായ ജെയിനും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് സ്ഥിരീകരിച്ചു. ജയിനിനെ ഉടൻ തിരികെയെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here