ഭക്തമനസിൽ പുണ്യംനിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി; 17വരെ തിരുവാഭരണ വിഭൂഷിതനായി അയ്യനെ കാണാം

മലകയറിയെത്തിയ ഭക്തജനലക്ഷങ്ങൾക്ക് ദർശനപുണ്യമേകി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. രണ്ട് ലക്ഷത്തോളം തീർത്ഥാടകരാണ് ഇക്കുറി മകരവിളക്ക് ദർശിച്ചത്. സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമായപ്പോൾ വൈകിട്ട് 6.40ന് ശേഷം ശ്രീകോവിൽ നടതുറന്നു. തുടർന്ന് പൊന്നമ്പലമേട്ടിൽ ഭക്തജനലക്ഷങ്ങൾ ശരണംവിളികളോടെ മൂന്ന് തവണ മകരവിളക്ക് ദർശിച്ചു.
പന്തളത്ത് നിന്ന് പുറപ്പെട്ട അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോൾ തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടർന്ന് മഹാ ദീപാരാധനക്ക് ശേഷം നട തുറന്നു.
ഈമാസം 17വരെ തിരുവാഭരണ ഭൂഷിതനായ അയ്യപ്പവിഗ്രഹം ദർശിക്കാം. 18വരെ മാത്രമേ നെയ്യഭിഷേകത്തിന് സൗകര്യമുള്ളൂ. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 19ന് രാത്രി 10ന് മാളികപ്പുറം സന്നിധിയിൽ വലിയ ഗുരുതിയോടെ മണ്ഡല മഹോത്സവം അവസാനിക്കും.
ജനുവരി 19ന് രാത്രി ഹരിവരാസനം പാടും വരെ തീർഥാടകർക്ക് ദർശനം സൗകര്യം ഉണ്ടായിരിക്കും. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ച് എഴുന്നെള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശബരിമല നട അടയ്ക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here