ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു; നവംബർ 15ന് സ്ഥാനമേല്‍ക്കും
ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ എസ്.അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. ശബരിമല ലിസ്റ്റില്‍ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട്. നിലവില്‍ കൊല്ലം ലക്ഷ്മിനട ക്ഷേത്രത്തിലെ മേൽശാന്തിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി.വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.
തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്.
ഉഷപൂജക്ക് ശേഷമാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിലെ ഋഷികേശ് ആണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്. പന്തളം കൊട്ടാരത്തിലെ തന്നെ വൈഷ്ണവി മാളികപ്പുറത്തെ മേൽശാന്തിയുടെ നറുക്കും എടുത്തു.15 പേരാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പിനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്നത്.
എല്ലാം അയ്യപ്പന്‍റെ അനുഗ്രഹമാണെന്നും ഏറെ സന്തോഷമുണ്ടെന്നുമാണ് നിയുക്ത ശബരിമല മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയുടെ പ്രതികരണം. ആദ്യമായാണ് ലിസ്റ്റിൽ വരുന്നതെന്നും വലിയ അനുഗ്രഹമെന്നും നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയും പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here