പരാതിയില്ലാത്ത ശബരിമല മണ്ഡലകാലം ; വരുമാനത്തില്‍ വലിയ വര്‍ദ്ധന; ദേവസ്വം ബോര്‍ഡ് ഹാപ്പി

കാര്യമായ പരാതികളും പ്രശ്‌നങ്ങളുമില്ലാതെ ശബരിമലയില്‍ മണ്ഡലകാല സീസണ്‍ പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും കാര്യമായ പരാതികള്‍ ഉയര്‍ന്നിട്ടില്ല. വരുമാനത്തിലും ഗണ്യമായ നര്‍ദ്ധനയുണ്ടായതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹാപ്പിയാണ്.

41 ദിവസത്തിനിടെ 33 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പല ദിവസങ്ങളിലും തീര്‍ത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. എന്നാല്‍ എത്തിയ എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദിവസങ്ങള്‍ കാത്തുനിന്നിട്ടും പമ്പയിലേക്ക് പോലും പോകാന്‍ അനുമതി ലഭിക്കാതെ പകുതി വഴിയില്‍ തീര്‍ത്ഥാടനം ഉപേക്ഷിച്ച് പോകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടത്തു നിന്നാണ് ഈ വലിയ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.

ദേവസ്വം ബോര്‍ഡും പോലീസും ഒരുമിച്ച് നിന്നുള്ള പ്രവര്‍ത്തനം തന്നെയാണ് ഈ നിലയില്‍ കാര്യങ്ങള്‍ എത്തിച്ചത്. എഡിജിപി എസ് ശ്രീജിത്ത് ശബരിമലയുടെ ചുമതലയില്‍ വന്നതും നിര്‍ണ്ണായകമായി. കഴിഞ്ഞ തവണ എഡിജിപി എംഅജിത് കുമാര്‍ ചുമതലയില്‍ ഉണ്ടായിരുന്നപ്പോള്‍ മിനിറ്റില്‍ 60 പേര്‍ വരെയാണ് പതിനെട്ടാം പടി ചവിട്ടിയിരുന്നത്. ഇതുതന്നെയാണ് ദര്‍ശനത്തിനായുള്ള കാത്തിരിപ്പ് നീണ്ടുപോകാന്‍ കാരണമായത്. ഇത്തവണ മിനിറ്റില്‍ 85 മുതല്‍ 90 പേര്‍വരെ പതിനെട്ടാം പടി കയറി. ഇതോടെ തന്നെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്തു.

.ഇന്നലെ വരെ 32,49,756 പേരാണ് ദര്‍ശനത്തിനെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4,07,309 തീര്‍ഥാടകരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്പോട്ട് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി 5,66,571 പേര്‍ ദര്‍ശനം നടത്തി. മുന്‍കൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണ് പരാതിരഹിതമായ തീര്‍ഥാടനകാലമെന്നായിരുന്നു ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ ഇന്ന് ശബരിമലയില്‍ പ്രതികരിച്ചത്. കഴിഞ്ഞതവണ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് പോലീസ് തര്‍ക്കവും ശീതസമരവും ഇത്തവണ ഉണ്ടായില്ലെന്ന് തന്നെ പറയാം.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ നടന്നു. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട വീണ്ടും തുറക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top