ശബരിമല പോലീസ് ഡ്യൂട്ടി പുനക്രമീകരിക്കുന്നു; ഡ്യൂട്ടി കഴിഞ്ഞാലും പകുതിപ്പേർ തുടരേണ്ടിവരും

ശബരിമല: ആകെ പാളിയ ഡ്യൂട്ടി സംവിധാനം പുനക്രമീകരിക്കാൻ പോലീസ് ഉന്നതതല ഇടപെടൽ. ഓരോ ഷിഫ്റ്റിലും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാർ ഒന്നിച്ച് ഒഴിഞ്ഞുപോകാൻ പാടില്ലെന്ന് നിർദേശം. അമ്പത് ശതമാനം പേർ ഡ്യൂട്ടി കഴിഞ്ഞാലും രണ്ടു ദിവസം കൂടി തുടരണം. പുതുതായി ഡ്യൂട്ടിക്ക് കയറിയവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനാണ് ഈ സമയം വിനിയോഗിക്കേണ്ടത്. അവർ സാഹചര്യം പഠിച്ചെടുക്കുന്നത് വരെ പാകപ്പിഴകൾ ഉണ്ടാകാതിരിക്കാണ് ഇത്. പുതിയ ഷിഫ്റ്റിലെ ബാക്കിയുള്ള അമ്പത് ശതമാനം പേർ ഡ്യൂട്ടിക്ക് എത്തുന്ന മുറയ്ക്ക് പഴയ ഷിഫ്റ്റിലെ ശേഷിക്കുന്നവർക്ക് ഇറങ്ങാം.

ശബരിമലയിൽ തിരക്ക് നിയന്ത്രണാതീതമാകുകയും ഹൈക്കോടതി ഇടപെടൽ വരെയുണ്ടാകുകയും ചെയ്തപ്പോൾ അടിമുടി വിമർശന വിധേയമായത് പോലീസാണ്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പോലീസുകാരുടെ പരിചയക്കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വിമർശനങ്ങൾ ശക്തമായിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ് പുതിയ ക്രമീകരണം. പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് ആണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും ഐജിമാർക്കുമായി ഈ അടിയന്തരസന്ദേശം നൽകിയത്.

പോലീസ് കൺട്രോളർ, സ്പെഷ്യൽ ഓഫീസർ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ എന്നിവരും ഇത്തരത്തിൽ അടുത്ത ഡ്യൂട്ടിക്ക് വരുന്നവർക്ക് ജോലിരീതികൾ മനസിലാക്കി കൊടുക്കാനായി ഏതാനും ദിവസങ്ങൾ തുടരാനും നിർദേശമുണ്ട്.

Logo
X
Top