ശബരിമലയില്‍ നടവരവ് 204.30 കോടി രൂപ; കാണിക്ക മാത്രം 63.89 കോടി

ശബരിമല: ശബരിമലയില്‍ ഇതുവരെയുള്ള നടവരവ് 204.30 കോടി രൂപ. ഡിസംബർ 25 വരെയുള്ള തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന്‍റെ കണക്ക് പ്രകാരമാണിത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പി.എസ്.പ്രശാന്ത്‌ പറഞ്ഞു.

കാണിക്കയായി ലഭിച്ചത് 63.89 കോടി രൂപയാണ്. അരവണ വിൽപനയിൽ 96.32 കോടി രൂപയും, അപ്പം വിൽപനയിൽ 12.38 കോടി രൂപയും ലഭിച്ചു. ഡിസംബർ 25വരെ 31,43,163 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇതിനുള്ള അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രസിഡന്റ്‌ പറഞ്ഞു.
മണ്ഡലപൂജയ്ക്കുശേഷം നാളെ രാത്രി അടയ്ക്കുന്ന ശബരിമല നട, മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് വൈകിട്ട് വീണ്ടും തുറക്കും. 2024 ജനുവരി 15നാണ് മകരവിളക്ക്. ജനുവരി 20 വരെ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. പിറ്റേ ദിവസം രാവിലെ പന്തളരാജാവിനു മാത്രമാണ് ദർശനം അനുവദിക്കുന്നത്‌, അതിനുശേഷം നട അടയ്ക്കും. ഇതോടെ ഈ വര്‍ഷത്തെ മണ്ഡലകാലം അവസാനിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top