ശബരിമല ഭക്തിസാന്ദ്രം; മണ്ഡല മകരവിളക്ക് സീസണ് തുടക്കം, സുരക്ഷിതവും സൗകര്യപ്രദവുമായ തീര്‍ത്ഥാടനത്തിനുളള സജ്ജീകരണം പൂര്‍ണ്ണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി. വൈകുന്നേരം അഞ്ച് മണിയോടെ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വര് മോഹനര് മേല്‍ശാന്തി കെ.ജയരാമന്റെ സാന്നിധ്യത്തില്‍ നടതുറന്ന് ദീപം തെളിയിച്ചതോടെയാണ് തീര്‍ത്ഥാടന കാലത്തിന് തുടക്കമായത്. തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാര്‍ സ്ഥാനം
ഏറ്റെടുത്തു. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തി വിട്ടത്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സുരക്ഷിതവും സൗകര്യപ്രദവുമായ ദര്‍ശനം ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ഉറപ്പു വരുത്തുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ദേവസ്വം പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന്റെ പിറ്റേ ദിവസം തന്നെ ശബരിമലയിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് പ്രശാന്ത്.

ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണ്ണം

ശബരിമല തീര്‍ത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി പ്രശാന്ത് പറഞ്ഞു. ശബരിമലയിലേക്കുളള റോഡുകളുടെ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഭക്തര്‍ക്കാവശ്യമായ ശുചിമുറി, വിരിവയ്ക്കാനുളള സൗകര്യം, ചുക്കുവെള്ള വിതരണം എന്നിവ ഉറപ്പാക്കി. നിലയ്ക്കല്‍ മുതലുളള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിലയ്ക്കലില്‍ ആയിരത്തിലധികം ശുചിമുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. പമ്പയില്‍ 485 ഉം കാനന പാതിയിലും സന്നിധാനത്തുമായി 1100 ശുചിമുറികളുമാണ് സജ്ജമാക്കിയിരിക്കുന്നത്. നടപന്തല്‍, അന്നദാന മണ്ഡപത്തിന് മുകളിലത്തെ നില എന്നിവ കൂടാതെ മറ്റ് ഇടങ്ങളിലും ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ദേവസ്വം പ്രസിഡന്റെന്ന നിലയില്‍ ഇവിടെയല്ലാം നേരിട്ടെത്തി ഒരുക്കങ്ങള്‍ ഉറപ്പാക്കിയതായും പ്രശാന്ത് പറഞ്ഞു.

അപ്പം, അരവണ ശേഖരം ഉറപ്പാക്കി

മുന്‍ വര്‍ഷത്തേക്കാള്‍ ഭക്തര്‍ ഇത്തവണ എത്തുമെന്നാണ് നിലവിലെ വിലയിരുത്തല്‍ അതിനാല്‍ അപ്പം അരവണ എന്നിവയുടെ കരുതല്‍ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. 17 ലക്ഷം ടിന്‍ അരവണയും 2.20 ലക്ഷം പായ്ക്കറ്റ് അപ്പവും കരുതല്‍ ശേഖരത്തിലുണ്ട്. ദിവസവുമുളള നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദര്‍ശത്തിന് എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ നിയന്ത്രിക്കുന്നതിന് ക്യൂ കോംപ്ലക്‌സുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 6 ക്യൂ കോംപ്ലക്‌സുകളിലായി 3600 പേര്‍ക്ക് വിശ്രമിക്കാം. ഇവിടെ ശുചിമുറിയടക്കമുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ്

നിലയ്ക്കലില്‍ പാര്‍ക്കിങ്ങിന് ഫാസ്റ്റ് ടാഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ വന്നതു പോലുള്ള പരാതികള്‍ ഒഴിവാക്കാനണ് ഫാസ്റ്റ് ടാഗ് സംവിധാനം. വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങും നിര്‍ബന്ധമാണ്. ഇതിന് കഴിയാത്തവര്‍ക്ക് പമ്പയിലും തിരഞ്ഞെടുത്ത ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും സ്‌പോട്ട് ബുക്കിങ്ങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോലീസും കര്‍ശനമായ സുരക്ഷ സംവിധാനം ഒരുക്കിയതായും പ്രശാന്ത് പറഞ്ഞു.

അരവണ നശിപ്പിക്കാനുള്ള സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കും

ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നശിപ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച 6 ലക്ഷത്തിലധികം ടിന്‍ അരവണ സുരക്ഷിതമായി നശിപ്പിക്കുമെന്നും പ്രശാന്ത് അറിയിച്ചു. അരവണ ടിന്നുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയോടെ മാത്രമേ ഇത് നടപ്പാക്കാന്‍ കഴിയുകയുള്ളൂ. പാരസ്ഥിതിക പ്രശ്‌നവും പരിഗണിക്കണം. വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നിരുന്നു. സുരക്ഷിതമായി ടിന്നുകള്‍ നശിപ്പിക്കുന്നതിന് തല്പ്പര കക്ഷികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുമെന്നും പ്രശാന്ത് പറഞ്ഞു. നിലവിലെ സ്റ്റോക് സൂക്ഷിക്കുന്നതിന് ഈ അരവണ ശേഖരം ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. നശിപ്പിക്കാനുള്ളവ പ്രത്യേകം സൂക്ഷിക്കാനുളള സൗകര്യം ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രശാന്ത് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top