മണ്ഡല-മകരവിളക്ക് സീസണ് പര്യവസാനം; പരാതി രഹിതം ശബരിമല; ദേവസ്വം ബോര്‍ഡിനും പോലീസിനും കൈയ്യടി

തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായിട്ടും പരാതിരഹിതം ശബരിമല. മണ്ഡല-മകരവിളക്ക് സീസണ്‍ കഴിഞ്ഞ് ഇന്ന് നടയടക്കുമ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പോലീസിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തിലധികം ഭക്തര്‍ പതിവായി എത്തിയിട്ടും എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സീസണ്‍ തുടങ്ങുന്നതിന് മുമ്പ് സ്‌പോട്ട് ബുക്കിങ് സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അത് വളരെ വേഗത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ശബരിമലയുടെ ചുമതലയുണ്ടായിരുന്ന എഡിജിപി ശ്രീജിത്തും ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെ കാര്യങ്ങള്‍ സുഗമമായി. മിനിറ്റില്‍ എണ്‍പതില്‍ അധികം ഭക്തര്‍ പതിനെട്ടാം പടി കയറുന്നതിനുള്ള സജ്ജീകരണം പോലീസ് ഒരുക്കിയതോടെ ദര്‍ശനത്തിനായുള്ള കാത്തിരിപ്പും കുറച്ചു. മന്ത്രി വിഎന്‍ വാസവനും കൃത്യമായ മേല്‍നോട്ടം നടത്തി.
പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മയുടെ ദര്‍ശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്. രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തില്‍ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടര്‍ന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ശേഷം മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി കഴുത്തില്‍ രുദ്രാക്ഷമാലയും കൈയില്‍ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേല്‍ശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.
പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകള്‍ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിധ്യത്തില്‍ രാജപ്രതിനിധി താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി നാഥിന് കൈമാറി. മാസപൂജകള്‍ക്കുള്ള ചെലവിനായി പണക്കിഴിയും നല്‍കി. തുടര്‍ന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. ജനുവരി 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും.
ദേവസ്വം ബോര്‍ഡിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരം 53 ലക്ഷത്തോളം ഭക്തജനങ്ങള്‍ ഈ വര്‍ഷം ദര്‍ശനം നടത്തിയിട്ടുണ്ട്. വരുമാനത്തിലും വലിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here