ശബരിമല തീര്‍ത്ഥാടനം താളം തെറ്റുന്നു; സുരക്ഷയ്ക്കുള്ള പോലീസ് നവകേരള സദസിന്

എരുമേലി: ശബരിമല തീര്‍ത്ഥാടന പ്രവാഹം അനിയന്ത്രിതമായിരിക്കെ ആഭ്യന്തര വകുപ്പിന്റെ വിചിത്ര നടപടി. നവകേരളസദസ്സിന് സുരക്ഷയൊരുക്കാൻ എരുമേലിയിലെ സുരക്ഷ കുറച്ചു. എരുമേലി ധർമശാസ്താ ക്ഷേത്രം, പേട്ട ധർമശാസ്താ ക്ഷേത്രം, വാവരുപള്ളി എന്നിവയുടെ പ്രവേശനഭാഗത്ത് സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടർ വാതിലുകൾ ഇന്നലെ പകൽ മാറ്റി. വിന്യസിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥരേയും പിന്‍വലിച്ചു. കോട്ടയം ജില്ലയിലെ നവകേരളസദസ്സിന് വേണ്ടിയാണ് ഈ പിന്‍വലിക്കല്‍.
500 പോലീസ് ഉദ്യോഗസ്ഥരാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യുടെ നിയന്ത്രണത്തിൽ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ഉണ്ടായിരുന്നത്. ഇതാണ് കുറച്ചത്. എരുമേലി ധർമശാസ്താ ക്ഷേത്രത്തിന്റെ പ്രവേശനഭാഗത്ത് പരിശോധനാസൗകര്യങ്ങളില്ല. ഉദ്യോഗസ്ഥരുമില്ലാത്ത അവസ്ഥയാണ്.
സുരക്ഷ, ഗതാഗതക്രമീകരണം എന്നിവയ്ക്കായി ശബരിമലയില്‍ വേണ്ടത്ര പോലീസില്ല. സായുധ ക്യാമ്പില്‍ നിന്നും കൊണ്ടുവരുന്ന അധിക പോലീസിനെയും ഇക്കുറി നിയോഗിച്ചിട്ടില്ല. സുരക്ഷാ ക്രമീകരണം പാളിയതോടെ ശബരിമല തീര്‍ത്ഥാടനവും താളം തെറ്റുകയാണ്. 18 മണിക്കൂര്‍ വരെയാണ് ഭക്തര്‍ക്ക് കാത്ത് നില്‍ക്കേണ്ടി വരുന്നത്. സുരക്ഷയും ക്രമീകരണവും പരാജയമായതാണ് ഇതിന് കാരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here