ശബരിമലയില്‍ തുടരെ കൈപൊള്ളുന്നു; എന്നിട്ടും പഠിക്കാതെ സര്‍ക്കാര്‍; ആരോടാണീ വെല്ലുവിളി?

ശബരിമലയില്‍ ഇപ്പോള്‍ അടിക്കടി പരിഷ്‌കാരങ്ങളാണ്. മണ്ഡലകാലം തുടങ്ങാന്‍ കഷ്ടിച്ച് ഒരുമാസം മാത്രം ശേഷിക്കെയാണ് സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കിയ തീരുമാനം ഉണ്ടായിരിക്കുന്നത്. സ്ഥലത്തെത്തിയ ശേഷം ദര്‍ശനത്തിനായി ബുക്കുചെയ്യാന്‍ കഴിയുന്ന സംവിധാനം പൂര്‍ണ്ണമായും ഇല്ലാതായി. ശബരിമലയുടെ പ്രത്യേകത മലയാളികളേക്കാള്‍ അന്യസംസ്ഥാന ഭക്തര്‍ എത്തുന്നു എന്നതാണ്. വരുമാനത്തില്‍ ഏറിയ പങ്കും ഇവരില്‍ നിന്നാണ്. ഒരുമാസം മാത്രം ശേഷിക്കെ ഇത്ര നിര്‍ണ്ണായക തീരുമാനം അവരെ എങ്ങനെ അറിയിക്കും? കഠിനവ്രതം എടുത്താണ് ഇവര്‍ ശബരിമലയിലേക്ക് എത്തുന്നത്. ഇപ്പോള്‍ തന്നെ തീയതികള്‍ തീരുമാനിച്ച് വ്രതവും തുടങ്ങികാണും. മുന്‍വര്‍ഷത്തേത് പോലെ ഇവിടെ എത്തി ബുക്കുചെയ്യാം എന്ന തീരുമാനത്തിലാകും യാത്ര. എത്തിയ ശേഷം ബുക്കിങ് കിട്ടാതെ വന്നാല്‍ എന്താകും സ്ഥിതി. ഇവിടെയാണ് സര്‍ക്കാരിനോട് ചോദ്യം ഉയരുന്നത്, ആരോടാണീ വെല്ലുവിളി?

വിവാദങ്ങള്‍ മല കയറുമ്പോള്‍

ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെല്ലാം അവസാനിക്കുന്നത് വലിയ വിവാദങ്ങളിലാണ്. സ്ത്രീപ്രവേശനം മുതല്‍ ഇങ്ങോട്ട് എല്ലാത്തിലും ഇതുതന്നെ സ്ഥിതി. ഒരുവിഭാഗത്തിന്റെ വിശ്വാസത്തിന് എതിരായ പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാകുന്നുവെന്ന ആരോപണം ഗൗരവമേറിയതാണ്. ആചാരത്തെ സംരക്ഷിച്ചും ഭക്തരുടെ വിശ്വാസത്തെ സംരക്ഷിക്കാനുള്ള നടപടികളല്ല സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നതാണ് ഇത് തെളിയിക്കുന്നത്. ചില കാര്യങ്ങളില്‍ അനാവശ്യമായ പിടിവാശി സര്‍ക്കാര്‍ കാണിക്കുമ്പോള്‍ അത് സുവര്‍ണ്ണാവസരമായി കണ്ട് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ ഉപയോഗിക്കുകയാണ്.

സീസണ്‍ അടുത്തു, വിവാദങ്ങള്‍ മാത്രം

സ്പോട്ട് ബുക്കിങ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന് മുമ്പുണ്ടായ വിവാദം എരുമേലിയില്‍ കുറിയിടുന്നതിനെ ചൊല്ലിയായിരുന്നു. ഇതിന് പത്തുരൂപ ഈടാക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം മുന്‍വര്‍ഷങ്ങളിലൊന്നും ഉണ്ടാകാത്തതാണ്. നിര്‍ബന്ധിത പണപ്പിരിവിനുളള അവകാശം ലേലത്തിലൂടെ നല്‍കുകയും ചെയ്തു. ഇത് വലിയ വിവാദമായപ്പോള്‍, ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനുള്ള കരുതലാണ് എന്നാണ് ബോര്‍ഡ് നല്‍കിയ വിശദീകരണം. എന്നാല്‍ വിമര്‍ശനം കടുത്തതോടെ ഈ തീരുമാനം തന്നെ റദ്ദാക്കി ബോര്‍ഡ് തടിതപ്പി. അതിനു ശേഷമാണ് സ്പോട്ട് ബുക്കിങ് നിര്‍ത്താനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് അവലോകന യോഗം എടുത്തത്.

തീരുമാനം മാറ്റില്ലെന്ന പിടിവാശി എന്തിന്?

സ്പോട്ട് ബുക്കിങ് പൂര്‍ണ്ണമായും നിര്‍ത്തലാക്കി വെര്‍ച്വുല്‍ ക്യൂ മാത്രം മതിയെന്ന സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ തന്നെ ഇത് അപ്രായോഗികം എന്ന അഭിപ്രായം ഉയര്‍ന്നു. പന്തളം കൊട്ടാരവും അയപ്പസേവാ സമാജവും മറ്റ് ഹൈന്ദവ സംഘടനകളും രംഗത്തെത്തി. പ്രതിപക്ഷവും ശബരിമലയിലെ പ്രശ്‌നങ്ങളെ സുവര്‍ണ്ണാവസരമായി കാണുന്ന ബിജെപിയും പ്രതികരണവുമായി രംഗത്തെത്തി. പ്രതിപക്ഷം മുന്നറിയിപ്പിന്റെ ഭാഷയിലാണ് പ്രതികരിച്ചതെങ്കില്‍, ബിജെപി വൈകാരിക വിഷയമായി ഇതിനെ ഉയര്‍ത്തി. ഏതെങ്കിലും ഭക്തനെ തടഞ്ഞാന്‍ അവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാന്‍ ഏതറ്റം വരേയും പോകും എന്നും പ്രഖ്യാപനവും ഉണ്ടായി. ജില്ലിയിലെ സിപിഎം നേതൃത്വം തന്നെ ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരിക്കല്‍ കൈപൊള്ളിയിട്ടും സര്‍ക്കാര്‍ പാഠം പടിച്ചില്ലെന്ന കടുത്ത വിമര്‍ശനം സിപിഐയും ഉന്നയിച്ചു. സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ദേവസ്വം മന്ത്രിക്ക് കത്തു നല്‍കുകയും ചെയ്തു. കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്ന തീരുമാനം എന്ന് മുന്നറിയിപ്പ് വന്നിട്ടും അത് മാറ്റില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍.

ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍

തീരുമാനം ഉറച്ചതാണെന്നും ഭക്തരുടെ സുരക്ഷ പരിഗണിച്ചുള്ള തീരുമാനം മാറ്റില്ലെന്നും ഉള്ള കടുംപിടുത്തത്തില്‍ ചെറിയ അയവ് സര്‍ക്കാര്‍ വരുത്തി. സ്പോട്ട് ബുക്കിങ് കൗണ്ടറുകള്‍ക്ക് പകരം എല്ലാ ഇടത്താവളങ്ങളിലും അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിങിന് സൗകര്യം ഒരുക്കുമെന്നാണ് ദേവസ്വം മന്ത്രി ഇപ്പോള്‍ പറയുന്നത്. 80,000 പേര്‍ക്ക് മാത്രം ദര്‍ശനം എന്നതില്‍ മാറ്റമില്ല. എത്രപേര്‍ ബുക്ക് ചെയ്തു, ഇനിയെത്ര ഒഴിവുണ്ട് എന്നിവ പരിഗണിച്ചാകും ബുക്കിങ് സ്വീകരിക്കുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നാണ് നിലപാട്. തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ ഇടത്താവളങ്ങളില്‍ ബുക്ക് ചെയ്യാം. രേഖയില്ലാതെ ശബരിമലയില്‍ വന്ന് അപകടം ഉണ്ടായാല്‍ ഭക്തര്‍ രക്ഷിക്കാന്‍ കഴിയില്ല. മുന്‍പ് അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമാക്കുന്നത് എന്നും മന്ത്രി വിശദീകരിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top