ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും; പ്രഖ്യാപനം സഭയില്‍ മുഖ്യമന്ത്രി നടത്തും എന്ന് സൂചന
ശബരിമല സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കും. സ്പോട്ട് ബുക്കിങ് വേണമെന്ന് പാര്‍ട്ടി കൂടി ആവശ്യപ്പെട്ടതോടെ തീരുമാനത്തില്‍ നിന്നും പിന്‍വലിയേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. പ്രതിപക്ഷവും ഹിന്ദു സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. ദേവസ്വം പ്രസിഡന്‍റ് ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയിൽ തീരുമാനം പ്രഖ്യാപിച്ചേക്കും. വിഷയം സബ് മിഷനായി ഉന്നയിക്കാന്‍ പ്രതിപക്ഷവും തീരുമാനിച്ചിട്ടുണ്ട്.
സ്പോട്ട് ബുക്കിങ് വേണമെന്ന ആവശ്യം ദേവസ്വം ബോർഡിനുണ്ട്. മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ എടുത്ത തീരുമാനമാണ് പ്രശ്നമായത്. അടുത്ത അവലോകന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനാണ് ബോര്‍ഡ് നീക്കം. ഇതര സംസ്ഥാന ഭക്തരാണ് ശബരിമലയില്‍ കൂടുതലും എത്തുന്നത്. വെര്‍ച്വല്‍ ക്യൂ പ്രശ്നം അറിയാതെയാവും അവര്‍ എത്തുക. ഇതാണ് സ്പോട്ട് ബുക്കിങ് വേണം എന്ന ആവശ്യം ദേവസ്വം ബോര്‍ഡില്‍ നിന്നും ഉയരുന്നത്.
പന്തളം കൊട്ടാരത്തെ മുന്‍നിര്‍ത്തിയാണ് ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.ഇതുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തില്‍ ഹിന്ദു സംഘടനാ യോഗം ചേര്‍ന്നിരുന്നു. ശബരിമലയിലെ വിശ്വാസപ്രശ്നത്തില്‍ ഉയര്‍ന്ന പ്രക്ഷോഭം സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയായിരുന്നു. അതുകൊണ്ട് സമാന രീതിയില്‍ ഒരു പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങരുത് എന്ന ആവശ്യം പാര്‍ട്ടിയിലും ശക്തമാണ്. അതുകൊണ്ട് തന്നെ തീരുമാനത്തില്‍ മാറ്റം വരുത്തിയേക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here