ശബരിമല വീണ്ടും സമരഭൂമിയാകുമോ; സ്പോട്ട് ബുക്കിങ് ഒഴിവാക്കിയാല്‍ പ്രക്ഷോഭത്തിന് നീക്കം

നാമജപപ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധത്തിന് ശബരിമല സാക്ഷ്യംവഹിക്കുമോ? ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ നടപടിക്ക് എതിരെ ഹിന്ദു സംഘടനകളും പന്തളം കൊട്ടാരവും രംഗത്ത് വന്നതിന് പിന്നാലെയാണ് ഈ ചോദ്യം ഉയരുന്നത്. സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ആരംഭിച്ച നാമജപ ഘോഷയാത്ര സിപിഎമ്മിനും സര്‍ക്കാരിനും വന്‍തിരിച്ചടി ആയിരുന്നു. ഭക്തരും പോലീസും വിവിധയിടങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. ഇതിനു സമാനമായ പ്രക്ഷോഭത്തിന്റെ അന്തരീക്ഷം സ്പോട്ട് ബുക്കിങ് പ്രശ്നത്തിലും നിലനില്‍ക്കുന്നു.

വ്രതം നോറ്റെത്തുന്ന ഒരുഭക്തനും അയ്യപ്പദർശനം കിട്ടാതെ മടങ്ങേണ്ടിവരില്ലെന്ന് ഉറപ്പാക്കുമെന്നും സർക്കാരുമായി ആലോചിച്ച് ക്രമീകരണം ഒരുക്കുമെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. സ്പോട്ട് ബുക്കിങ് പമ്പയില്‍ എങ്കിലും വേണം എന്ന ബോര്‍ഡിന്റെ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു.

ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യാതെ എത്തുന്ന ഭക്തര്‍ക്ക് പമ്പയില്‍ തത്സമയ ബുക്കിങ് നടത്തി ദര്‍ശനത്തിന് എത്താന്‍ കഴിയുന്ന സംവിധാനമാണ് സ്പോട്ട് ബുക്കിങ്. എന്നാല്‍ ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രതിദിനം 80000 ഭക്തര്‍ക്ക് മാത്രം ദര്‍ശനം എന്ന തീരുമാനം നടപ്പിലാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ദര്‍ശനത്തിന് സാധിക്കും. സ്പോട്ട് ബുക്കിങ് ആകുമ്പോള്‍ എത്ര ഭക്തര്‍ ദര്‍ശനത്തിന് എത്തുന്നു എന്ന കണക്ക് ലഭിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതര സംസ്ഥാന ഭക്തരാണ് ശബരിമലയിലേക്ക് കൂടുതലായി എത്തുന്നത്. കേരളത്തിലെ തീരുമാനമൊന്നും അവര്‍ അറിയാനുള്ള സാധ്യതകള്‍ കുറവാണ്. അതിനാല്‍ സ്പോട്ട് ബുക്കിങ് വേണം എന്ന തീരുമാനം ദേവസ്വം ബോര്‍ഡിനുമുണ്ട്. ഇനി വരുന്ന ശബരിമല അവലോകന യോഗമാകും ഈ പ്രശ്നത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. വെര്‍ച്വല്‍ ക്യൂ മാത്രമാണ് ദര്‍ശനത്തിന് എന്ന് വന്നാല്‍ ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിന് ഇറങ്ങാനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ആരംഭിച്ച നാമജപപ്രക്ഷോഭം സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു. കേരളത്തിലെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായാണ് നാമജപപ്രക്ഷോഭത്തിന് പിന്തുണ നല്‍കിയത്. അതിനുശേഷം വന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ ഇടതുമുന്നണിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരേ ഒരു സീറ്റ് മാത്രമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. രാഷ്ട്രീയമായി തിരിച്ചടി വരുന്ന സംഭവങ്ങളില്‍ കര്‍ക്കശ നിലപാട് ഇനി സിപിഎമ്മും സര്‍ക്കാരും കൈക്കൊള്ളുമോ എന്നാണ് ഇനി അറിയാനുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top