ശബരിമലയില്‍ വീണ്ടുവിചാരമില്ലാതെ സര്‍ക്കാര്‍ വീണ്ടും; ‘സ്‌പോട്ട് ബുക്കിങ്’ തര്‍ക്കത്തില്‍ ഹിന്ദുസംഘടനകളും കടുപ്പിക്കുന്നു

ശബരിമല തീര്‍ത്ഥാടന കാലത്ത് സ്‌പോട്ട് ബുക്കിങ് പൂര്‍ണ്ണമായും ഒഴിവാക്കിയതില്‍ വിവാദം. ശബരിമലയിലേക്ക് കഠിന വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം നിഷേധിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഹൈന്ദവ സംഘടനകളുമെല്ലാം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പന്തളം കൊട്ടാരവും ഈ നീക്കത്തെ എതിര്‍ക്കുകയാണ്.

എന്താണ് നിര്‍ത്തലാക്കിയ സ്‌പോട്ട് ബുക്കിങ്

ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിനും എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായാണ് പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ഒരു ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. വെര്‍ച്വുല്‍ ക്യൂ ഓണ്‍ലൈനായി കൊണ്ടുവന്നപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇതിന് സാധിക്കില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ ബുക്കിങിനൊപ്പം തന്നെ സ്‌പോട്ട് ബുക്കിങ് എന്ന സംവിധാനം കൂടി കൊണ്ടുവന്നത്.

ശബരിമല ഇടത്താവളങ്ങളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ കൗണ്ടറുകളിലും നേരിട്ടെത്തി ദര്‍ശനം ബുക്ക് ചെയ്യാം. ആധാര്‍ കാര്‍ഡ് അടക്കമുളള തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ മാത്രം മതി.കുമളി, എരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പന്തളം, കൊട്ടാരക്കാര എന്നിവിടങ്ങളില്‍ ഓരോ കൗണ്ടറുകളും നിലയ്ക്കലില്‍ പത്തും പമ്പയില്‍ അഞ്ചും കൗണ്ടറുമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തരില്‍ ഭൂരിഭാഗവും ഈ കൗണ്ടറുകളാണ് ആശ്രയിച്ചിരുന്നത്. ഈ സംവിധാനമാണ് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായി അവസാനിപ്പിക്കുന്നത്.

തീരുമാനം മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍

കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായിരുന്നു. ഇതോടെ സംവിധാനം ആകെ താറുമാറായി. ദിവസങ്ങളോളം ഭക്തര്‍ കുടുങ്ങികിടക്കുന്ന അവസ്ഥയും ഉണ്ടായി. ഇതിന്റെ പിന്നാല്‍ ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം എന്ന ആരോപണവും ഉയര്‍ന്നു. അന്ന് ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണന്‍ നവകേരള യാത്രയിലായിരുന്നതിനാല്‍ ശബരിമലയിലേക്ക് എത്തിയതുമില്ല. ഇതോടെ പോലീസിന് നിര്‍ദേശം നല്‍കാന്‍ ആരും ഇല്ലാത്ത സ്ഥിതിയായി. ദിവസങ്ങളോളം കാത്ത് നിന്നിട്ടും പമ്പയിലേക്ക് പോലും പോകാനുള്ള അനുമതി ലഭിക്കാത്ത അന്യസംസ്ഥാന ഭക്തര്‍ മാലയൂരി പകുതി വഴിയില്‍ യാത്ര അവസാനിപ്പിച്ച് മടങ്ങുന്ന കാഴ്ചയും കേരളം കണ്ടു.

ഈ വര്‍ഷം ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന പ്രഖ്യാപനത്തോടെയാണ് സര്‍ക്കാര്‍ നേരത്തെ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ പ്രധാന പരിഷ്‌കാരമായിരുന്നു സ്‌പോട്ട് ബുക്കിങ് നിര്‍ത്തുന്നതും പ്രതിദിനം 80000പേര്‍ക്ക് മാത്രം ദര്‍ശനം എന്നതും. കഴിഞ്ഞ വര്‍ഷം 90000 പേര്‍ക്ക് ഔണ്‍ലൈനായും 15000 പേര്‍ക്ക് സ്‌പോട്ട് ബുക്കിങിലും ദര്‍ശനം അനുവദിച്ചിരുന്നു. ഭക്തരുടെ എണ്ണം കുറച്ച് തിരക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമം എന്നാണ് വിമര്‍ശനം ഉയരുന്നത്.

ബോര്‍ഡിന്റെ തിരുപ്പതി മോഡല്‍ അപ്രായോഗികം

ശബരിമലയില്‍ തിരുപ്പതി മോഡല്‍ എന്നാണ് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് വിവാദങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണം. വര്‍ഷത്തില്‍ എല്ലാ ദിവസവും നട തുറന്നിരിക്കുന്ന തിരുപ്പതിയില്‍ നടപ്പാക്കുന്ന സംവിധാനം എങ്ങനെയാണ് മാസ പൂജക്ക് അഞ്ച് ദിവസവും മണ്ഡല മകരവിളക്ക് കാലത്ത് രണ്ടുമാസവും മാത്രം തുറന്നിരിക്കുന്ന ശബരിമലയില്‍ നടപ്പാക്കുക എന്നതിന് മറുപടിയില്ല. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരില്‍ പലരും അസൗകര്യം കാരണം ദര്‍ശനത്തിന് എത്താത്ത സാഹചര്യം ഉണ്ടാകും. എന്നാല്‍ സ്‌പോട്ട് ബുക്കിങ് ഇല്ലാത്തിനാല്‍ ഈ അവസരം മറ്റൊരാള്‍ക്ക് നല്‍കാനും കഴിയില്ല. ഇതിനൊന്നും ഒരു വിശദീകരണം ബോര്‍ഡ് നല്‍കുന്നില്ല.
80,000ന് മുകളില്‍ പോയാല്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തിരക്ക് നിയന്ത്രണത്തെയും മറ്റ് മുന്നൊരുക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അത് സുഗമമായ തീര്‍ത്ഥാടനത്തിന് തടസ്സം വരുത്തുമെന്നാണ് ദേവസ്വം മന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞത്.

പതിയെ ഉയര്‍ന്നു തുടങ്ങി രാഷ്ട്രീയ വിവാദങ്ങളും

സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി ശബരിമല മാറുകയാണ്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. തീരുമാനം ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു. ഭക്തരെ തടഞ്ഞു നിര്‍ത്തുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ ഭക്ഷണവും പ്രഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയില്ലെങ്കില്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.

തീര്‍ത്ഥാടനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. എന്തിനാണ് സര്‍ക്കാരിന് ഇക്കാര്യത്തില്‍ മാര്‍ക്കടമുഷ്ടി. ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് സുപ്രീം കോടതി ഉത്തരവിന്റെ മറവിലായിരുന്നു തീര്‍ത്ഥാടനം അലങ്കോലപ്പെടുത്തിയത്. ഇത് തുടരാനാണ് തീരുമാനമെങ്കില്‍ ഭക്തജനങ്ങളുടെ പ്രക്ഷോഭത്തിന് ബിജെപി പിന്തുണ നല്‍കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പ്രതിഷേധവുമായി ഭക്തരും ഹൈന്ദവ സംഘടനകളും

ദര്‍ശനം നിഷേധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന വിമര്‍ശനവുമായി അയ്യപ്പ ഭക്തരും ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പന്തളം കൊട്ടാരം ആദ്യം തന്നെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. ഓണ്‍ലൈന്‍ ബുക്കിങിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഭക്തരെ വിവിധ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നുണ്ട്. സ്‌പോട്ട് ബുക്കിങ് കൂടി നര്‍ത്തലാക്കിയാല്‍ ഇത് വര്‍ദ്ധിക്കും. അതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ക്ഷേത്രാചര സംരക്ഷണ സമിതി ആവിശ്യപ്പെട്ടു.

തീരുമാനം ഭക്തരോടുളള ക്രൂരതയാണെന്ന് യോഗക്ഷേമ സഭ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പ്രതികരിച്ചു. ശബരിമല കര്‍മ്മസമിതിയും തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോടതിയെ സമീപിക്കാനാണ് അയ്യപ്പ സേവസമാജം ഉള്‍പ്പെടെയുള്ള സംഘടനകളുടെ നീക്കം. നിലവില്‍ നിരത്തിലിറങ്ങിയുള്ള ഒരു പ്രതിഷേധത്തിലേക്ക് സംഘടനകള്‍ കടന്നിട്ടില്ല. എന്നാല്‍ ഈ കടുത്ത നിലപാടില്‍ സര്‍ക്കാര്‍ തുടര്‍ന്നാല്‍ അത് ഉണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെയുണ്ടായാല്‍ മറ്റൊരു സംഘര്‍ഷ ഭരിതമായ തീര്‍ത്ഥാടന കാലമാകും ഉണ്ടാവുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top