ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കരുതെന്ന് പന്തളം കൊട്ടാരം; ഭക്തരുടെ അഭിപ്രായം കേട്ടശേഷം തീരുമാനം വേണം

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നതിനെതിരെ പന്തളം കൊട്ടാരം. സ്പോട്ട് ബുക്കിങ് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കൊട്ടാരം പന്തളം കൊട്ടാരം രംഗത്തെത്തിയത്. ഇപ്പോള്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കി ഓൺലൈൻ ബുക്കിങ് മാത്രമേ ഇനിയുള്ളൂ എന്നറിയിച്ചിരിക്കുകയാണ്. ഇത് ദർശനത്തിന് വ്രതമെടുത്തെത്തുന്ന ഭക്തർക്ക് വളരെ മനഃപ്രയാസം ഉണ്ടാക്കും. ഓണ്‍ലൈന്‍ ഉപയോഗിക്കാന്‍ അറിയാത്ത എത്രയോ പേരുണ്ട്. ഇതൊന്നും അറിയാതെയാകും അവര്‍ ശബരിമലയില്‍ എത്തുക. അവര്‍ക്ക് തൊഴാന്‍ പ്രയാസമാകും. അതുകൊണ്ട് 25 ശതമാനം എങ്കിലും സ്പോട്ട് ബുക്കിങ് നിലനിര്‍ത്തണം. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ ആവശ്യപ്പെട്ടു.

“ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അവിടെ ഏത് സംവിധാനവും ശ്രദ്ധയോടെ നിരീക്ഷിച്ച് പഠിച്ച ശേഷമേ ചെയ്യാവൂ. അല്ലെങ്കില്‍ അത് ഭക്തര്‍ക്ക് ബുദ്ധിമുട്ടാകും. ഇപ്പോൾ നിലവിലുള്ള സംവിധാനമാണ് ഉചിതം. ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങൾക്ക് എങ്ങനെയെല്ലാം സൗകര്യങ്ങൾ ചെയ്‌തുകൊടുക്കാം എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കേണ്ടത്. മുൻവർഷം എങ്ങനെ ദർശനം നടന്നിരുന്നോ അതുപോലെ വേണം ഇത്തവണയും. ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കാതെ ഭക്തജന കൂട്ടായ്‌മകളുടെ അഭിപ്രായം കേട്ടശേഷം വേണം തീരുമാനം നടപ്പാക്കാൻ. പന്തളം കൊട്ടാരം എന്നും ഭക്തജനങ്ങൾക്കൊപ്പമാണ്.” – ശങ്കർ പറഞ്ഞു.

തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ശബരിമല സ്പോട്ട് ബുക്കിങ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വംബോര്‍ഡാണ് കൈകാര്യംചെയ്യുന്നത്. ഒരുദിവസം 80,000 ഭക്തര്‍ എന്നാണ് പരിധിനിശ്ചയിച്ചത്. സന്നിധാനത്ത് എത്തുന്നവരില്‍ ഏറിയപങ്കും കര്‍ണാടക, തെലങ്കാന, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഭൂരിഭാഗവും ഗ്രാമീണമേഖലയില്‍നിന്നുള്ളവരും.

ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാണെന്നറിയാതെയാണ് ഇവര്‍ എത്തുന്നത്. ഇവര്‍ക്ക് അനുഗ്രഹമായിരുന്ന സ്പോട്ട് ബുക്കിങ് സൗകര്യമാണ് സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും ദേവസ്വം ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top