ശബരിമല വീണ്ടും ‘കത്തുന്നു’; 16ന് പന്തളം കൊട്ടാരത്തില്‍ നാമജപപ്രാര്‍ത്ഥന; 26ന് ഹൈന്ദവ സംഘടനകളുടെ നേതൃയോഗം

ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 16ന് പന്തളം കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നാമജപ പ്രാര്‍ത്ഥന നടത്താന്‍ ഹൈന്ദവ സംഘടനകളുടെ തീരുമാനം. 26ന് പന്തളത്ത് യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കും. പ്രശ്നത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തികഞ്ഞ അനാസ്ഥയാണ് പ്രകടിപ്പിക്കുന്നതെന്ന് യോഗം ആരോപിച്ചു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്.
വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ദര്‍ശനം എന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്നാണ് ഹൈന്ദവ സംഘടനകളുടെ നിലപാട്. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന ശബരിമല തീര്‍ഥാടനം സുഗമമാക്കേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും കടമയാണ്. സര്‍ക്കാര്‍ തീരുമാനം തിരുത്തിയില്ലെങ്കില്‍ സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് നടത്തിയ നാമജപ ഘോഷയാത്രക്ക് സമാന പ്രക്ഷോഭത്തിനാണ് ഹൈന്ദവ സംഘടനകളുടെ നീക്കം.
ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും വരുമാനമല്ല ലക്ഷ്യമെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. തിരക്ക് നിയന്തിക്കാന്‍ വെര്‍ച്വല്‍ ക്യൂവിലൂടെയേ കഴിയൂ. സ്പോട്ട് ബുക്കിങ് വഴി എത്തുന്നവരുടെ എണ്ണം കണക്കുകൂട്ടാന്‍ പ്രയാസമാണെന്നും പ്രശാന്ത് പറഞ്ഞു. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ദര്‍ശനത്തിന് 24 മണിക്കൂര്‍ സാവകാശം നല്‍കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here