ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴിമാത്രം; പ്രതിദിനം എണ്‍പതിനായിരം പേര്‍ക്ക് പ്രവേശനം; സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കും
തിരുവനന്തപുരം : മണ്ഡല – മകരവിളക്ക് സീസണില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് സ്‌പോട്ട് ബുക്കിങ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സീസണില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കും. 80000 ആയി ഓണ്‍ലൈന്‍ ബുക്കിങ് നിയന്ത്രിക്കും. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ സീസണില്‍ തിരക്ക് നിയന്ത്രിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായതിനെ തുടര്‍ന്നാണ് ഇത്തരമൊരു ക്രമീകരണം കൊണ്ടുവരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തുന്ന ഭക്തരുടെ സൗകര്യത്തിനായി മൂന്ന് മാസം മുമ്പ്തന്നെ ബുക്കിങ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് അനുവദിക്കുന്നതിനാല്‍ ഭക്തരുടെ എണ്ണം കണക്കാന്‍ കഴിയാറില്ല. അതുകൊണ്ട് തന്നെ തിരക്ക് നിയന്ത്രണത്തിലും ഇത് ബുദ്ധിമുട്ടുണ്ടാക്കും. ഇത് മറികടക്കാനാണ് ഇത്തരമൊരു തീരുമാനം നേരത്തെ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ശബരിമലയില്‍ തിരക്ക് നിയന്ത്രണം പൂര്‍ണ്ണമായും പാളിയിരുന്നു. മണിക്കൂറുകളോളം ഭക്തര്‍ ക്യൂ നില്‍ക്കേണ്ട സ്ഥിതിയുണ്ടായി. ഇടത്താവളങ്ങളിലടക്കം ഭക്തരെ തടഞ്ഞിടുകയും ചെയ്തു. ദിവസങ്ങളോളം കാത്ത് നിന്നിട്ടും ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് പല അന്യസംസ്ഥാന ഭക്തരും യാത്ര പകുതിവഴിയില്‍ അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. ഇതില്‍ രൂക്ഷ വിമര്‍ശനമാണ് ബോര്‍ഡിനു നേരെയുണ്ടായത്. ഇത് ഒഴിവാക്കാനാണ് ഇത്തരമൊരു ക്രമീകരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here