ശബരിമലയില്‍ കൂടുതല്‍ സ്വീകാര്യം സ്പോട്ട് ബുക്കിങ് സംവിധാനം; ഉപയോഗിക്കുന്നത് പ്രതിദിനം പതിനായിരത്തോളം പേര്‍
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിനെക്കാള്‍ ഭക്തര്‍ ഇഷ്ടപ്പെടുന്നത് സ്പോട്ട് ബുക്കിങ് സംവിധാനം. ദിനം പ്രതി ഈ സംവിധാനം ഉപയോഗിക്കുന്നത് പതിനായിരത്തോളം പേരാണ്. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വെര്‍ച്വല്‍ ക്യൂ സംവിധാനം തിരിച്ചടിക്കുകയുമാണ്.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരില്‍ പകുതിയോളം പേര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തുന്നത്. ബുക്ക് ചെയ്തിട്ടും എത്താന്‍ കഴിയാത്തവര്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യാത്തത് അതിലും വലിയ പൊല്ലാപ്പാണ് ഉണ്ടാക്കുന്നത്. റിസര്‍വേഷനില്‍ ബുക്കിങ് മുഴുവനായതായി കാണിക്കുന്നതിനാല്‍ ദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയാത്ത അവസ്ഥയും വരുന്നു. ഈ കുരുക്ക് അഴിക്കാന്‍ ദേവസ്വം ബോര്‍ഡിനും കഴിയാത്ത അവസ്ഥയാണ്. മനപൂര്‍വം ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയവും ബോര്‍ഡിനുണ്ട്.
പ്രതിദിനം 70000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ലഭിക്കുക. ബുക്ക് ചെയ്യുന്നവരില്‍ പകുതിയോളം പേര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തുന്നത്. ഈ കഴിഞ്ഞ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം വല്ലാതെ കുറയുകയും ചെയ്തു. വെര്‍ച്വല്‍ ക്യൂ 70000 എന്ന പരിധി 80000 ആക്കണം എന്ന ദേവസ്വം ബോര്‍ഡ് ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here