ശബരിമല സ്പോട്ട് ബുക്കിങ് തുടരണമെന്ന് ദേവസ്വം ബോര്‍ഡും; നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വയ്ക്കും

ശബരിമല സ്പോട്ട് ബുക്കിങ് പ്രശ്നത്തില്‍ സര്‍ക്കാരിനെ തള്ളാന്‍ ദേവസ്വം ബോര്‍ഡ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം മുന്നില്‍ കണ്ടാണ് തീരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നു നടക്കുന്ന ശബരിമല അവലോകന യോഗത്തിൽ സ്പോട്ട് ബുക്കിങ് പ്രശ്നം ചര്‍ച്ച ചെയ്യും.
ഓൺലൈൻ ബുക്കിങ് സംവിധാനം അറിയാതെ എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തീർത്ഥാടകര്‍ക്ക് തീരുമാനം തിരിച്ചടിയാകും എന്നാണ് ബോര്‍ഡിലും ഉള്ള അഭിപ്രായം. പമ്പയിലോ നിലയ്ക്കലിലോ സ്പോട്ട് ബുക്കിങ് നടത്തി മല കയറാൻ അനുവദിക്കണമെന്നാണ് തീരുമാനം. ബോർഡിന്റെ നിലപാട് ദേവസ്വം മന്ത്രിയെ അറിയിക്കും.
ഓൺലൈനിൽ ബുക്ക് ചെയ്ത് എത്തുന്നവർക്കു മാത്രം ശബരിമല ദർശനം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പങ്കെടുത്ത ശബരിമല അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ശബരിമല കര്‍മ സമിതി ഉള്‍പ്പെടെ രംഗത്തു വന്നിരുന്നു. സ്പോട്ട് ബുക്കിങ് നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരവും രംഗത്തുവന്നിരുന്നു.
അടുത്ത ശബരിമല അവലോകന യോഗത്തിൽ സ്പോട്ട് ബുക്കിങ് പമ്പയിലോ നിലയ്ക്കലിലോ തുടരാനുള്ള ദേവസ്വം ബോർഡ് നിര്‍ദ്ദേശം മുഖ്യമന്ത്രിയുടെ മുന്നില്‍ വയ്ക്കും. ശബരിമല തീർത്ഥാടനം അടുത്ത മാസം 17നാണ് ആരംഭിക്കുന്നത്. ദേവസ്വം ബോർഡിന്റെ നിലപാട് അറിഞ്ഞ ശേഷം സമരപരിപാടികൾക്ക് രൂപം നൽകാൻ ശബരിമല കർമ്മസമിതി യോഗം തീരുമാനിച്ചു. സ്പോട്ട് ബുക്കിങ് തുടരണമെന്നാവശ്യപ്പെട്ട് കർമ്മ സമിതി ബോർഡ് പ്രസിഡന്റിന് നിവേദനം നൽകിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here