ശബരിമല തിരുവാഭരണ ഘോഷയാത്ര നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും.
പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയായി തൃക്കേട്ട നാള് രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്.
രാത്രി 9.30ന് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ വിശ്രമിക്കും. 13 ന് പുലര്‍ച്ചെ മൂന്നിന് പുറപ്പെട്ട് രാത്രി ളാഹയിലാണ് വിശ്രമം. മകരവിളക്ക് ദിവസമായ 14ന് ളാഹയില്‍ നിന്നു പുറപ്പെട്ട് ഉച്ചയോടെ വലിയാനവട്ടത്ത് എത്തും.
അവിടെ ദേവസ്വം അധികൃതര്‍ സ്വീകരിക്കും. പാണ്ടിത്താവളം, ചെറിയാനവട്ടം,നീലിമല,അപ്പാച്ചിമേട് വഴി വൈകുന്നേരം നാലിനാണ് ശബരിപീഠത്തിലെത്തുക. 5.30ന് ശരംകുത്തിവഴി യാത്ര തുടര്‍ന്ന്, 6.15 ന് കൊടിമരചുവട്ടില്‍ സ്വീകരിക്കപ്പെടും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും.
പിന്നീട് ദീപാരാധനയ്ക്കായി നട തുറക്കും. ഇതേസമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയും. ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. 18വരെ നെയ്യഭിഷേകവും കളഭാഭിഷേകവും ഉണ്ടാവും. 20നാണ് നട അടയ്ക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here