ശബരിമല ഉണ്ണിയപ്പം ടെന്‍ഡര്‍ നേടിയത് ദളിത് യുവാവ്; ടെന്‍ഡറില്‍ തഴയപ്പെട്ടവര്‍ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി; വിശദ അന്വേഷണത്തിന് കന്റോണ്‍മെന്റ് എസിയ്ക്ക് ചുമതല
തിരുവനന്തപുരം: തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഉണ്ണിയപ്പം ഉണ്ടാക്കാന്‍ ടെന്‍ഡര്‍ വാങ്ങിയ ദളിത് യുവാവിന് നേരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. കൃഷ്ണന്‍കുട്ടിയെന്ന് വിളിക്കുന്ന രമേശ്, ജഗദീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന സംഭവത്തില്‍ മ്യൂസിയം പോലീസാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എസ്സി എസ്ടി വകുപ്പുകള്‍ പ്രകാരമുള്ള കേസ് ആയതിനാല്‍ മ്യൂസിയം പോലീസ് കന്റോണ്‍മെന്റ് എസി ഓഫീസിലേക്ക് കേസ് കൈമാറിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെ കരാറുകാര്‍ തമ്മിലുള്ള പ്രശ്നമാണ് തര്‍ക്കമാണ് കേസിന് കാരണമെന്നാണ് സൂചന.
സെപ്തംബര്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിയായ സുബിയാണ് പരാതിക്കാരന്‍. ഉണ്ണിയപ്പം നിര്‍മ്മിക്കുന്നതിനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെന്‍ഡര്‍ പിടിച്ചത് സുബിയായിരുന്നു. ടെന്‍ഡര്‍ പിടിക്കുന്നതില്‍ കരാറുകാര്‍ തമ്മില്‍ ചില പൊതുവായ ധാരണകളുണ്ട്. ഈ ധാരണ ലംഘിക്കപ്പെട്ടതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത് എന്നാണ് പോലീസ് നല്‍കുന്ന സൂചന. ടെന്‍ഡര്‍ നേടിയ സുബിയ്ക്ക് എതിരെ ഈ കേസിലെ പ്രതിസ്ഥാനത്തുള്ളവര്‍ പരാതി നല്‍കിയിരുന്നു. പ്രശ്നത്തെ തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് വിഭാഗം ഇരുവരെയും വിളിപ്പിച്ചിരുന്നു. അപ്പോഴാണ് ഇവര്‍ തമ്മില്‍ പ്രശ്നമുണ്ടായത്. തനിക്ക് നേരെ ജാത്യധിക്ഷേപം നടത്തിയെന്ന പരാതിയാണ് സുബി നല്‍കിയത്.
പരാതി തനിക്ക് ലഭിച്ചതായി കന്റോണ്‍മെന്റ് എസി മാധ്യമസിന്‍ഡിക്കേറ്റിനോട് പ്രതികരിച്ചു. എന്നാല്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്നും വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതികരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here