മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കാനുള്ള ആറ്റംബോംബ് കയ്യിലുണ്ടെന്ന് സാബു എം.ജേക്കബ്; തന്നെ അറസ്റ്റ് ചെയ്താൽ പ്രയോഗിക്കുമെന്ന് മുന്നറിയിപ്പ്
കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനും ട്വൻ്റി 20 നേതൃത്വവുമായി ഉള്ള ഭിന്നത പരസ്യമാണ്. ട്വൻ്റി 20 പ്രസിഡൻ്റ് സാബു എം.ജേക്കബിനെതിരെ പലവിധ പരാതികൾ ശ്രിനിജൻ നൽകുകയും പോലീസ് അന്വേഷണം നടത്തുകയുമാണ്. പട്ടികജാതി, പട്ടികവർഗ അതിക്രമം പ്രകാരമുള്ള പരാതികളിൽ ചിലതിൽ അറസ്റ്റ് ഒഴിവാക്കാൻ ട്വൻറി 20 നേതൃത്വത്തിന് ഹൈക്കോടതിയെ സമീപിക്കേണ്ട സാഹചര്യവും ഉണ്ടായി. മൊഴിയെടുക്കാൻ എന്ന പേരിൽ പോലീസ് പലവട്ടം വിളിപ്പിക്കുകയും ഉണ്ടായിരുന്നു. ഇതിനിടയിൽ ആണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ നിലപാട് പ്രഖ്യാപിക്കാൻ ട്വൻറി 20 കിഴക്കമ്പലത്ത് പൊതുസമ്മേളനം വിളിച്ചുകൂട്ടിയത്.
ഏതെങ്കിലും കേസിൽ തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് ഇവിടെ സാബു ജേക്കബ് ഉയർത്തിയ വെല്ലുവിളി. അതിന് പറ്റിയ ആറ്റംബോംബ് കയ്യിലുണ്ട്. സ്വപ്ന സുരേഷിൻ്റെ കൈവശമുണ്ട് എന്ന് പറഞ്ഞ തരത്തിലുള്ള ബോംബ് അല്ല ഇതെന്നും സാബു തുറന്നടിച്ചു. എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന വാർത്തകൾക്കെതിരെയും സാബു പ്രതികരിച്ചു. കെ.സുരേന്ദ്രനെ നേരിൽ കണ്ടിട്ട് പോലുമില്ല. അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ട്. തന്നെ സംഘിയും കമ്മിയുമൊക്കെയായി ചിത്രീകരിക്കുന്നത് ട്വൻറി 20യുടെ ജനപിന്തുണ കണ്ട് ഭയന്നിട്ടാണെന്നും സാബു എം.ജേക്കബ് പറഞ്ഞു.
രണ്ടു ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. എറണാകുളത്ത് അഡ്വ.ആൻ്റണി ജൂഡി, ചാലക്കുടിയിൽ അഡ്വ.ചാർളി പോൾ എന്നിവരാണ് മത്സരിക്കുക. ട്വന്റി20 പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചാൽ കൊച്ചി നഗരത്തെ മുംബൈ, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ വൻ നഗരങ്ങളോട് കിടപിടിക്കുന്ന മെട്രോ നഗരമാക്കി മാറ്റുമെന്ന് സാബു എം.ജേക്കബ് പ്രഖ്യാപിച്ചു. ജയിക്കുന്നവർ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉണ്ടാകില്ല, മറിച്ചു ജനപക്ഷത്തു നിന്ന് പ്രവർത്തിക്കും. ഇതുവരെ തിരഞ്ഞെടുത്തുവിട്ട എംപിമാർ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതും ഉദ്ഘാടനങ്ങൾ നടത്തുന്നതും അല്ലാതെ ജനങ്ങൾക്കു വേണ്ടി എന്താണ് ചെയ്തത്. ട്വന്റി20 പാർട്ടി സ്ഥാനാർത്ഥികളെ വിജയിപ്പിച്ചാൽ എംപി എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് രാജ്യത്തിന് മാതൃകയാക്കാൻ പാകത്തിൽ പ്രവർത്തിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here