കലാസംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു

തിരുവനന്തപുരം: കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സാബു പ്രവദാസ് അന്തരിച്ചു. സിനിമ സംബന്ധമായ വിഷയങ്ങളിലെ ഗവേഷകനും
നിരവധി ഫിലിം അക്കാദമികളിലെ അദ്ധ്യാപകനും എഴുത്തുകാരനുമായിരുന്നു. കേരളീയം പരിപാടിയുടെ പ്രദര്‍ശനങ്ങളുടെ ചുമതലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നതിനിടെ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആദ്യം സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും കഴിഞ്ഞ ഒരാഴ്ച്ചയായി അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു.

സിനിമാസംബന്ധിയായ ഏറ്റവും മികച്ച ലേഖനത്തിനുള്ള കഴിഞ്ഞവര്‍ഷത്തെ
കേരളസംസ്ഥാനപുരസ്‌കാരം പ്രസാധകന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പുനസ്ഥാപനം എന്ന ലേഖനം നേടിയിരുന്നു. സംവിധായകന്‍ ജോഷിയുടെ ടൈഗര്‍ സലിം എന്ന ചിത്രത്തിന്റെ കലാസംവിധായകനായാണ് തുടക്കം. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ച്ചകള്‍, മനു അങ്കിള്‍, കാട്ടുകുതിര, പാര്‍വ്വതീപരിണയം, ഫസ്റ്റ് ബെല്‍, ഒറ്റയടിപ്പാതകള്‍, അമൃതം, പത്രം, ലേലം, റണ്‍ ബേബി റണ്‍, തുടങ്ങി നിരവധി ചിത്രങ്ങളുടെ കലാസംവിധായകനായി. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് അവസാന ചിത്രം.

ചലച്ചിത്രരംഗത്തെ സാങ്കേതിക വിദഗ്ദ്ധരുടെ മാക്ട, ഫെഫ്ക എന്നീ സംഘടനകളുടെ രൂപീകരണത്തിലും പ്രധാന പങ്ക് വഹിച്ചു. ഷേര്‍ലിയാണ് ഭാര്യ, അശ്വിന്‍ സാബു മകനും. നാളെ രാവിലെ 11 മണിക്ക് കാക്കനാട് അത്താണിയിലുള്ള ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top