യുവതികളെ അടിമകളാക്കിയെന്ന പരാതിയിൽ സദ്ഗുരുവിൻ്റെ ആശ്രമത്തിൽ റെയ്ഡ്; നടപടി ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന്
ഇഷ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവിനെതിരെയുളള പരാതിയിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് പിന്നാലെ നടപടിയുമായി പോലീസ്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ പോലീസ് റെയ്ഡ് നടത്തി. അഡീഷണൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള 150 ഉദ്യോഗസ്ഥരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്. ഫൗണ്ടേഷനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലും വിശദീകരണം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ആശ്രമത്തിലെ മുറികളിൽ അടക്കം പരിശോധന നടത്തിയ പോലീസ് അന്തേവാസികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.
കോയമ്പത്തൂർ തമിഴ്നാട് കാർഷിക സർവകലാശാലയിലെ റിട്ട. പ്രൊഫസറായ എസ്. കാമരാജ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹർജിയിലാണ് കോടതി നിർദ്ദേശം. പെൺമക്കൾ യോഗ സെന്ററിൽ കുടുംബം ഉപേക്ഷിച്ച് ജീവിക്കുന്നുവെന്നാണ് പരാതി. തൻ്റെ പെൺമക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവർ യോഗ സെന്ററിൽ അടിമകളായി ജീവിക്കുന്നു. പെൺമക്കൾ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിൽ തടവിലാക്കപ്പെട്ടെന്നും, സംഘടന ആളുകളെ ബ്രെയിൻവാഷ് ചെയ്തു സന്യാസിമാരാക്കി കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് പരാതിക്കാരൻ ഹർജിയിൽ ആരോപിച്ചിരുന്നു.
സ്വന്തം മകളെ വിവാഹം കഴിച്ചയച്ച് അവരുടെ ഭാവി സദ്ഗുരു ജഗ്ഗി വാസുദേവ് സുരക്ഷിതമാക്കി. എന്നിട്ട് എന്തിനാണ് യുവതികളെ സന്യാസത്തിന് നിര്‍ബന്ധിക്കുന്നതെന്ന് കേസില്‍ വാദം കേൾക്കുന്നതിനിടയിൽ മദ്രാസ് ഹൈക്കോടതി ചോദിച്ചിരുന്നു. ആശ്രമത്തിനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ച് രണ്ട് യുവതികളെയും ഹാജരാക്കാൻ കോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു. ജഡ്ജിമാരായ എസ്എം സുബ്രഹ്മണ്യം വി ശിവജ്ഞാനവും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here