ടിക്കറ്റെടുക്കാൻ നയാപൈസയില്ല!! കയ്യിൽ ഹൈഎൻഡ് സ്മാർട്ട് ഫോണുകൾ… സന്യാസിമാരെ പൊക്കി റെയിൽവെ

ട്രെയിൻ ടിക്കറ്റ് എടുക്കാൻ കാശില്ലെന്ന് പറഞ്ഞ് റെയിൽവേയെ പറ്റിക്കാൻ ശ്രമിച്ച രണ്ട് സന്യാസിമാരെ പിടികൂടി. മധ്യപ്രദേശിലെ ത്സാൻസി റെയിൽവെ ഡിവിഷൻ്റെ കീഴിലുള്ള ഡാബ്ര റെയിൽവെ സ്റ്റേഷനിലാണ് സംഭവം.
എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന രണ്ട് സന്യാസിമാരോട് ടിക്കറ്റ് എക്സാമിനർ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവരുടെ പ്രതികരണം വളരെ വിചിത്രമായിരുന്നു. സർവ സംഗ പരിത്യാഗികളും പുണ്യാത്മൻമാരുമായുള്ള തങ്ങളുടെ പക്കൽ കാശൊന്നുമില്ല എന്നായിരുന്നു മറുപടി.
ഇതിനിടയിൽ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. തോൾ സഞ്ചിയിൽ നിന്ന് വിലകൂടിയ സ്മാർട്ട് ഫോണെടുത്ത് സംസാരവും തുടങ്ങി. ഇത് കണ്ട ടിടിഇ രണ്ടാളെയും കൈയ്യോടെ പിടിച്ചു. കാശ് തന്നില്ലെങ്കിൽ പോലീസിൽ ഏൽപിക്കുമെന്ന് പറഞ്ഞതോടെ സന്യാസിമാർ ഫൈൻ സഹിതം കാശ് കൊടുത്തു തടിയൂരി.
ടിക്കറ്റില്ലാതെ യാത്ര ചെയ്ത നിരവധി പേരെ ഈ ട്രെയിനിൽ നിന്ന് പിടികൂടിയതായി റെയിൽവെ അധികൃതർ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here