ഇടതില്ലെങ്കില്‍ മുസ്ലിംങ്ങള്‍ രണ്ടാം തരക്കാരാകുമെന്നത് തമാശ; സമസ്തയെ രാഷ്ട്രീയ കവലയില്‍ വലിച്ചിഴച്ചു; സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സാദിഖലി തങ്ങള്‍

ചന്ദ്രിക ദിനപത്രത്തില്‍ നല്‍കിയ വിശദമായ അഭിമുഖത്തിലാണ് സിപിഎമ്മിനെ രൂക്ഷമായ ഭാഷയില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശിച്ചിരിക്കുന്നത്. കമ്മ്യൂണിസത്തെ മതങ്ങളുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞാണ് കേരളത്തില്‍ സിപിഎം മാര്‍ക്കറ്റ് ചെയ്യുന്നത്. ഇതിനായി ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. ലോകത്തെവിടെയെങ്കിലും മുസ്ലിം വിഭാഗങ്ങള്‍ക്ക് പ്രയാസമുണ്ടായാല്‍ അതില്‍ പ്രതിഷേധിച്ച് പ്രസ്താവനയിറക്കുകയാണ്. സദ്ദാം ഹുസൈനേയും പലസ്തീനേയും കാട്ടി വോട്ട് തട്ടാന്‍ ശ്രമിക്കുകയാണ്. ഏകസിവില്‍ കോഡ്, മുത്തലാഖ് നിരോധനം ലൗജിഹാദ് തുടങ്ങിയവയെല്ലാം ആദ്യം കേട്ടത് സിപിഎമ്മില്‍ നിന്നാണെന്നും തങ്ങള്‍ പറയുന്നു. ഇസ്ലാമോഫോബിയയാണ് പിണറായി പോലീസിന്റെ മുഖമുദ്ര എന്ന് വിമര്‍ശിച്ചത് സിപിഐയാണ്. കൊലക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതില്‍ പോലും ഈ വിവേചനം പ്രകടമാണെന്നും തങ്ങള്‍ ആരോപിച്ചു.

ഇടതില്ലെങ്കില്‍ മുസ്ലിംങ്ങള്‍ രണ്ടാം തരം പൗരന്മാരാകും എന്ന് പറയുന്നത് തമാശയാണെന്നും തങ്ങള്‍ പരിഹസിച്ചു. തിരഞ്ഞെടുപ്പില്‍ ശരിയായ രാഷ്ട്രീയം പറയാനില്ലാതിരിക്കുമ്പോള്‍ കുതന്ത്രങ്ങള്‍ പുറത്തെടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. കോഴിക്കോട്ടെ കരീംക്കായും വടകരയിലെ കാഫിര്‍ പരാമര്‍ശവുമെല്ലാം അതിന്റെ ഭാഗമാണ്. എന്നാല്‍ ഇത്തവണ സമസ്തയെ രാഷ്ട്രീയ കവലയില്‍ വലിച്ചിഴക്കാനും സിപിഎം ശ്രമിച്ചു. ഇതിനെല്ലാമുള്ള പ്രഹരമാണ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ചത്. മുസ്ലിംലീഗും സമസ്തയും തമ്മിലുളള ഹൃദയബന്ധത്തെക്കുറിച്ച് സിപിഎം ഇനിയും ഏറെ പഠിക്കാനുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി.

തൃശൂരിലെ ബിജെപി വിജയത്തില്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് പകരം സിപിഎം കൃത്യമായ പരിശോധന നടത്തണം. സിപിഎം നടത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിക്ക് സഹായകമായിട്ടുണ്ട്. സിപിഎം വിതയ്ക്കുന്നത് ബിജെപിയാണ് കൊയ്യുന്നതെന്നും തങ്ങള്‍ വിമര്‍ശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here