നാല് നൂറ്റാണ്ടായിട്ടും അഴുകാതെ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ്; നാളെ മുതല്‍ പ്രദര്‍ശനം; ഉത്സവ ലഹരിയിലേക്ക് ഗോവ
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം നാളെ മുതല്‍ ഗോവയില്‍ ആരംഭിക്കുകയാണ്. അടുത്ത വർഷം ജനുവരി 5 വരെ തിരുശേഷിപ്പുകള്‍ വിശ്വാസികള്‍ക്ക് ദര്‍ശിക്കാം. ഗോവയിലെ വലിയ ഉത്സവ ആഘോഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്.
കുർബാനകൾ, പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. സൊസൈറ്റി ഓഫ് ജീസസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് 1624 മുതൽ പഴയ ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിപേടകത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 മീറ്റര്‍ അകലെയുള്ള കത്തീഡ്രലിലേക്ക് കൊണ്ടുപോകും.
ഗോവയിൽ വർഷങ്ങളായി തുടരുന്ന ആചാരമാണിത്. സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് അഴുകിയതേയില്ല. ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്. ഗോവയുടെ പ്രഭു എന്ന് അറിയപ്പെടുന്ന സെന്റ് ഫ്രാൻസിസ് സേവ്യർ 1542ലാണ് ഗോവയില്‍ എത്തിയത്. പോർച്ചുഗീസ് കുടിയേറ്റക്കാർക്കിടയിൽ ക്രിസ്തുമതം പുനഃസ്ഥാപിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. 1552-ൽ ചൈനയുടെ തീരത്തുള്ള ഷാങ്ചുവാൻ ദ്വീപിൽ വച്ചാണ് അദ്ദേഹം മരിക്കുന്നത്. 1554ലാണ് മൃതദേഹം ഗോവയിലേക്ക് അയച്ചത്. 1622ലാണ് ബസിലിക്കയിൽ സ്ഥാപിച്ചത്. 1622ല്‍ ഫ്രാൻസിസ് സേവ്യറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
പ്രദര്‍ശന ഉത്സവത്തോട് അനുബന്ധിച്ച് ഗോവയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് എന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. തീർത്ഥാടകരെ കടത്തിവിടാൻ പ്രത്യേക ബസുകൾ ഓടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here