എവിടെപ്പോയി സിപിഎമ്മിൻ്റെ രാഷ്ട്രീയ ധാർമ്മികത? കരുണാകരൻ കാട്ടിയ മാതൃകയും മന്ത്രി സജിക്ക് സ്വീകാര്യമല്ലേ
കൃത്യം 47 വർഷം മുൻപാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വെറുമൊരു പരാമർശത്തിൻ്റെ പേരിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി രാജിവെച്ചത്. കോഴിക്കോട് ആർ ഇ സി വിദ്യാർത്ഥി ആയിരുന്ന പി രാജനെ അടിയന്തരാവസ്ഥ കാലത്തു പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്തതിന് എതിരെ പിതാവ് ടി വി ഈച്ചരവാര്യർ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയയാണ് നിമിത്തമായത്. ഇതിൻ്റെ വാദത്തിനിടെയാണ് കെ കരുണാകരൻ ‘കള്ളം പറഞ്ഞു’ എന്ന മട്ടിലൊരു പരാമർശം കോടതിയിൽ നിന്നുണ്ടായത്. ആഭ്യന്തരമന്ത്രി ആയിരിക്കെ കെ കരുണാകരൻ നൽകിയ എതിർ സത്യവാങ്മൂലത്തിൽ ‘വാദി ഉന്നയിച്ച ആരോപണത്തിന് നേരായ മറുപടിയല്ല മന്ത്രി നൽകിയത് എന്ന് പറയേണ്ടി വന്നതിൽ ഞങ്ങൾ ഖേദിക്കുന്നു’ എന്നതായിരുന്നു കരുണാകരൻ്റെ കസേര തെറിപ്പിച്ച പരാമർശം.
‘We regret to say that, this is not meeting the point raised by the petitioner, for one would like a direct answer- particularly in view of the seriousness of the averments as to whether the petitioner did meet Sri. K. Karunakaran on 10th March 1976. If he did meet him it would have been necessarily for the purpose of complaining about the disappearance of his son and more than what the reply of Karunakaran was, the fact of meeting Sri. Karunakaran itself would be relevant’ -T.V. Eachara Varier vs Secretary To The Ministry Of Home, on 13 April, 1977. ഇതിൻ്റെ പേരിൽ കെ കരുണാകരൻ്റെ രാജി ആവശ്യപ്പെട്ട പാർട്ടിയാണ് സിപിഎം.
ജസ്റ്റിസുമാരായ പി സുബ്രഹ്മണ്യൻ പോറ്റിയും ഖാലിദും അടങ്ങിയ ഡിവിഷൻ ബെഞ്ച് 1977 ഏപ്രിൽ 13നാണ് ഈ പരാമർശം നടത്തിയത്. ഇതിൻ്റെ പേരിലാണ് കരുണാകരൻ സ്ഥാനം ഒഴിഞ്ഞത്. കേസിൽ അദ്ദേഹത്തിന് നേരിട്ട് പങ്കാളിത്തം ഉണ്ടെന്നോ പോലീസിന്റെ നീതി നിർവഹണത്തിൽ തെറ്റായ മാർഗത്തിലൂടെ ഇടപെട്ടെന്നോ, സ്വജനപക്ഷപാതം കാട്ടിയെന്നോ, സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നോ ഒന്നും ഹൈക്കോടതി കുറ്റപെടുത്തിയിരുന്നില്ല. എന്നിട്ടും ഉന്നതമായ രാഷ്ട്രീയ മൂല്യങ്ങളുടെ പേരിലാണ് അന്നദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിഞ്ഞത്.
ഇവിടെയാണ് മന്ത്രി സജി ചെറിയാൻ്റെ രാജിയാവശ്യം പ്രസക്തമാകുന്നത്. ഭരണഘടനാ അവഹേളന പ്രസംഗത്തിൽ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, അതീവ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ല എന്ന പൊലീസ് റിപ്പോർട്ട് കോടതി റദ്ദാക്കി. സജി ചെറിയാന്റെ വാക്കുകള് നല്ല ഭാഷയിലല്ലെന്ന് നിരീക്ഷിച്ച കോടതി, ഭരണഘടനയെ മാനിക്കുന്നതല്ല പ്രസ്താവനയെന്ന് തന്നെ വിലയിരുത്തി.
എന്നാൽ ഇതിൻ്റെയൊന്നും പേരിൽ രാജിവെക്കില്ലെന്ന നിലപാടിലാണ് സജി ചെറിയാൻ. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കോടതി പരാമർശങ്ങളുടെ പേരിൽ മന്ത്രിമാരുടെ രാജി ആവശ്യപ്പെടുന്നത് സിപിഎമ്മിൻ്റെ പതിവാണ്. എന്നാൽ ഇപ്പോഴാകട്ടെ, കോടതിയിൽ നിന്ന് മന്ത്രിക്കും പോലീസിനുമെതിരെ രൂക്ഷമായ പരാമർശങ്ങൾ വന്നിട്ടും രാജി ഇല്ലെന്ന നിലപാടിലാണ് മന്ത്രി. ധാർമികതയുടെ പ്രശ്നം ഉദിക്കുന്നില്ല. തന്റെ പ്രസംഗത്തെക്കുറിച്ച് അല്ല കോടതിയുടെ പരാമർശം, പോലീസിന്റെ അന്വേഷണത്തെ കുറിച്ചാണെന്നും ന്യായം പറയുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്നത് അന്തിമവിധി അല്ല എന്നുമാണ് മന്ത്രി സജി പറയുന്നത്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഈനിമിഷം തന്നെ രാജി വെയ്ക്കണം എന്നായിരുന്നു അന്നത്തെ പ്രതിപക്ഷത്തിൻ്റെ ആവശ്യം. കെ കരുണാകരൻ ഏപ്രിൽ 25ന് രാജി സമർപ്പിച്ചു. മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തതിന്റെ മുപ്പതാം നാൾ ധാർമികതയുടെ പേരിൽ അധികാരം വിട്ടൊഴിഞ്ഞ പാരമ്പര്യവും, മുഖമടച്ച് അടി കിട്ടിയിട്ടും കസേരയിൽ നിന്ന് പിടിവിടാത്ത സജി ചെറിയാൻ്റെ ധാർമ്മികതയും തമ്മിലാണ് താരതമ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here