‘മുസ്ലിം ഭൂരിപക്ഷമുള്ളിടത്ത് ജയിക്കുന്നത് മുസ്ലിം; ഹിന്ദു ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും; സിപിഎമ്മിനും കോണ്‍ഗ്രസിനുമല്ല ജാതി’ക്കാണ് പ്രാധാന്യം;’വിവാദമായി സജി ചെറിയാന്റെ പെരിന്തല്‍മണ്ണ പ്രസംഗം

പെരിന്തല്‍മണ്ണ: കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനുമല്ല ജാതിക്കാണ് പ്രസക്തിയെന്ന മന്ത്രി സജി ചെറിയാന്റെ പെരിന്തല്‍മണ്ണ പ്രസംഗം വിവാദമാകുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നത് ഇടതുപക്ഷക്കാരനും കോൺഗ്രസുകാരനുമല്ല, മതത്തിന്റെ സ്ഥാനാർഥിയാണെന്നാണ് മന്ത്രി പറഞ്ഞത്. സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ പാലക്കീഴ് നാരായണന്റെ പേരിൽ നിർമിച്ച ഹാൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് ഇന്നലെ മന്ത്രിയുടെ വിവാദ പ്രസംഗം വന്നത്. ഇന്ത്യന്‍ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കേണ്ടി വന്ന മന്ത്രിയുടെ അതിനു ശേഷമുള്ള വിവാദപ്രസംഗമാണ് പെരിന്തല്‍മണ്ണയിലേത്.
മന്ത്രിയുടെ വിവാദ പ്രസംഗം ഇങ്ങനെ: ”അടുത്തിടെ കേരളത്തിലെ നഗരസഭയിലെ ജനപ്രതിനിധികളുടെ കണക്കെടുത്തിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ളിടത്ത് മുസ്‌ലീമും ഹിന്ദു ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവുമാണ് ജയിച്ചിട്ടുള്ളത്. ഇടതുപക്ഷക്കാരനും കോൺഗ്രസുകാരനും ജയിച്ചിട്ടില്ലെന്ന് ഓർക്കണം. നാളെ ഓരോ മതത്തിനും ഭൂരിപക്ഷമുള്ളിടത്ത് അവർ വിജയിക്കുകയും ഭൂരിപക്ഷമില്ലാത്തവർ തോൽക്കുകയും ചെയ്യും.”
“പുരോഗമനം പറഞ്ഞാലൊന്നും പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ജാതിവിഭജനമുള്ളതിനാലാണ് കേരളത്തിൽ ഒരക്ഷരം മിണ്ടാൻ കഴിയാത്തത്. ആരെങ്കിലുംപറഞ്ഞാൽ അവന്റെ കാറ്റ് കുത്തിവിടും. എന്നാൽ, ഭയപ്പെടാതെ പറയാനുള്ളത് പറയണം. രാജ്യത്ത് ഇത്രമാത്രം ഭയത്തോടെ ജീവിക്കേണ്ട ഒരുകാലം മുമ്പുണ്ടായിട്ടില്ല. പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കാൻ പരിശ്രമിക്കേണ്ടതുണ്ട്. നമ്മളാരും ഇപ്പോൾ ആ കാര്യമൊന്നും ചെയ്യുന്നില്ലെന്നാണ് വിശ്വാസം-പ്രസംഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി.
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ് ഇന്ത്യയിലേത് എന്ന് പറഞ്ഞു ഭരണഘടനയെ അതിരൂക്ഷമായി വിമര്‍ശിച്ചതിനാണ് മന്ത്രിയ്ക്ക് സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഈ പ്രസംഗം: ”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും” ഇതാണ് കഴിഞ്ഞ വര്‍ഷം ജൂലായില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ കാതല്‍. ഈ പ്രസംഗമാണ് സജി ചെറിയാനെ മന്ത്രി സ്ഥാനം തെറിപ്പിച്ചത്. ഭരണഘടനയെ വിമര്‍ശിച്ച് പുലിവാല് പിടിച്ച മന്ത്രിയുടെ ‘ജാതി’ പ്രസംഗവും വിവാദത്തിലേക്ക് നീങ്ങുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here