റിമ കല്ലിങ്കല്‍ നായിക; ‘ബിരിയാണി’ക്കു ശേഷം ‘തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യുമായി സജിന്‍ ബാബു; നിര്‍മ്മാണം അഞ്ജന വാര്‍സ്

ദേശീയ-അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ബിരായാണി എന്ന ചിത്രത്തിനു ശേഷം പുതിയ സിനിമയുമായി സംവിധായകന്‍ സജിന്‍ ബാബു എത്തുന്നു. റിമ കല്ലിങ്കലില്‍ ആണ് ചിത്രത്തിലെ നായിക. അഞ്ജന വാര്‍സിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും വി.എ. ശ്രീകുമാറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി എന്നാണ് പേരിട്ടിരിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകന്മാരായി ഒന്നിച്ച ‘തെക്ക് വടക്ക്’ എന്ന ചിത്രത്തിനു ശേഷം അഞ്ജന വാര്‍സ് നിര്‍മിക്കുന്ന സിനിമയാണിത്. ചിത്രീകരണം വര്‍ക്കലയിലും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം ഒരു യുവാവ് പകര്‍ത്തുന്ന തരത്തിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ടീം റിലീസ് ചെയ്തിരിക്കുന്നത്.

“ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് സിനിമയുടെ പ്രമേയം,” സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞു.

“വൈറല്‍ യുഗത്തിന്റെ കഥയാണിത്. തിയറ്ററുകളിലൂടെ തിയറ്റര്‍ സിനിമ ജനങ്ങളില്‍ എത്തണം എന്നതാണ് ആഗ്രഹം. നല്ല മലയാളം സിനിമകള്‍ ലോകോത്തര ഫെസ്റ്റിവെല്‍ വേദികളില്‍ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണം,” നിര്‍മാതാവ് അഞ്ജന ഫിലിപ്പ് പറഞ്ഞു.

“അത്രയധികം തൊട്ടടുത്ത് നടക്കുന്ന സംഭവങ്ങളെയാണ് തിയറ്റര്‍ സിനിമ കണ്ടെത്തി അവതരിപ്പിക്കുന്നത്. നടന്ന സംഭവങ്ങളുമായി ഒട്ടേറെ സാമ്യം തോന്നുന്നതാണ് പ്രമേയം,” എന്നായിരുന്നു മറ്റൊരു നിര്‍മാതാവായ വി.എ. ശ്രീകുമാറിന്റെ പ്രതികരണം.

കനി കുസൃതിക്ക് മികച്ച നടിക്കുള്ള മോസ്‌കോ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്, സംസ്ഥാന പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ നേടിക്കൊടുത്ത സജിന്‍ ബാബുവിന്റെ ബിരിയാണി, അന്താരാഷട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ആഗോളതലത്തില്‍ 150ലധികം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ച സിനിമക്ക് ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നാല്‍പ്പത്തഞ്ചിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

സരസ ബാലുശ്ശേരി, ഡൈന്‍ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കള്‍.

നിരവധി അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ അസ്തമയം വരെ (Unto the Dusk), അയാള്‍ ശശി തുടങ്ങിയ സിനിമകളും സജിന്‍ ബാബുവിന്റേതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top