പി.ടി. ഉഷ പിന്തുണച്ചില്ലെന്ന് സാക്ഷി മാലിക്; മേരി കോമിനെതിരെയും വിമർശനം; ‘എല്ലാമറിഞ്ഞിട്ടും അവർ മൗനം പാലിച്ചു’

തിരുവനന്തപുരം: മുന്‍ റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവി ബ്രിജ് ഭൂഷനെതിരായ ലൈംഗികാതിക്രമണ പരാതിയില്‍ വനിതാ കായികതാരങ്ങളുടെ പ്രതിഷേധത്തെ പിന്തുണക്കാതിരുന്ന പി.ടി. ഉഷയ്ക്കും മേരി കോമിനുമെതിരെ വിമര്‍ശനവുമായി സാക്ഷി മാലിക്. തന്നെപ്പോലുള്ള കായികതാരങ്ങള്‍ ഉഷയെയും മേരി കോമിനെയും പ്രചോദനമായാണ് കണ്ടിരുന്നതെന്നും, വനിതാ ഗുസ്തിതാരങ്ങളുടെ അനുഭവങ്ങള്‍ മുഴുവന്‍ കേട്ടിട്ടും ഇരുവരും ഒരക്ഷരം മിണ്ടാതിരുന്നതില്‍ നിരാശയുണ്ടെന്നും സാക്ഷി മാലിക് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അക്ഷരോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സാക്ഷി.
‘പി.ടി. ഉഷ മാഡം ഞങ്ങളുടെ സമരസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഞങ്ങള്‍ അവരോട് പ്രശ്നങ്ങള്‍ വിശദമായി പറഞ്ഞു… അവര്‍ക്ക് ഞങ്ങളെ പിന്തുണയ്ക്കാമായിരുന്നു.. എന്നാല്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും എല്ലാ സഹായവും നല്‍കുമെന്നും ഉറപ്പ് പറഞ്ഞിട്ടും അവര്‍ മൗനം പാലിച്ചു,’ സാക്ഷി മാലിക് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയില്‍ അംഗമായിരുന്നു മേരി കോം.
പരാതിക്കാര്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ മേരികോം വളരെ വൈകാരികമായാണ് കേട്ടിരുന്നതെന്ന് സാക്ഷിമാലിക് ഓര്‍ത്തു. പാനല്‍ അംഗമായതിനാല്‍ ഓരോ വനിതാ ഗുസ്തിക്കാരുടെയും കഥകള്‍ കോം കേട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. ”എല്ലാം കേട്ട് അവര്‍ വളരെ വികാരാധീനയായി… ‘എന്നോട് ക്ഷമിക്കണം… എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു’ എന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം നില്‍ക്കുമെന്നും പറഞ്ഞു. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരമുണ്ടായില്ല,” സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here