എംഎല്‍എക്ക് എന്തെല്ലാം ആനുകൂല്യങ്ങള്‍ ? പലിശരഹിത വായ്പകള്‍, കുടുംബത്തിന് സൗജന്യ ചികിത്സ; വണ്ടിക്ക് പെട്രോളും ഖജനാവില്‍ നിന്ന്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും യുഡിഎഫ് എംഎല്‍എമാരും കണ്ണടയ്ക്കും പല്ലുവേദന ചികിത്സയ്ക്കുമായി ഖജനാവില്‍ നിന്നും വാങ്ങിയ തുക വന്‍ വിവാദമായിരിക്കുകയാണ്. ജനപ്രതിനിധികൾക്ക് ഇതെല്ലാം അവകാശപ്പെട്ടതാണ് എന്നുതന്നെ മന്ത്രി ന്യായംപറയുകയും ചെയ്തു. ശരിയാണ്, ഇതും ഇതിലപ്പുറവും ആനുകൂല്യങ്ങളും അവകാശങ്ങളും എംഎൽഎമാർക്കുണ്ട്. വാഹനം വാങ്ങാന്‍, വീട് വയ്ക്കാന്‍ തുടങ്ങി പെട്രോള്‍ അടിക്കാന്‍ വരെ കാശ് ഖജനാവില്‍ നിന്നും ലഭിക്കും. അഞ്ച് വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പെന്‍ഷനും. നമ്മുടെ എം.എല്‍.എമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ശമ്പളം അന്‍പതിനായിരം, മിനിമം ഇരുപതിനായിരം യാത്രാബത്ത (ടി.എ)

ഒരു എംഎല്‍എയ്ക്ക് 50,000 രൂപയാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. സ്ഥിര അലവന്‍സ് 2000, മണ്ഡല അലവന്‍സ് 25000, ടെലിഫോണ്‍ അലവന്‍സ് 11000, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000, അതിഥി സത്കാരത്തിന് 8000 രൂപ എന്നിങ്ങനെയാണ് ശമ്പളത്തിന്റെ കണക്ക്. ഇത്കൂടാതെ മിനിമം 20000 രൂപ എല്ലാ മാസവും യാത്ര അലവന്‍സലായും ലഭിക്കും. കേരളത്തിന് അകത്തും പുറത്തും സഞ്ചരിക്കുന്നതിന് കിലോമീറ്ററിവ് 10 രൂപയാണ് പെട്രോള്‍ അലവന്‍സായി ലഭിക്കുക. യാത്ര ചെയ്യുന്ന ദൂരം കൂടുന്നതിനനുസരിച്ച് ലഭിക്കുന്ന അലവന്‍സും
വര്‍ദ്ധിക്കും. കേരളത്തിന് പുറത്ത് റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആറ് രൂപ യാത്ര അലവന്‍സായി അധികം ലഭിക്കും. യാത്ര ട്രയിനിലാണെങ്കില്‍ കേരളത്തിന് പുറത്ത് എസി ഫസ്റ്റ്ക്ലാസ് അല്ലെങ്കില്‍ സെക്കന്‍ഡ് ക്ലാസ് ടിക്കറ്റ് സൗജന്യമാണ്. ഈ ടിക്കറ്റ് ഉപയോഗിച്ച് സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 25 പൈസയാണ് യാത്ര അലവന്‍സ്. 3 ലക്ഷം രൂപയുടെ യാത്രാകൂപ്പണും ഓരോ എംഎല്‍എമാര്‍ക്കുമുണ്ട്. ഇത് ഉയോഗിച്ച് എംഎല്‍എയ്‌ക്കൊപ്പം ഭാര്യയ്ക്കോ മറ്റൊരാള്‍ക്കോ ട്രെയിനില്‍ സഞ്ചരിക്കാം. ഇതോടൊപ്പം കേരളത്തിനുളളില്‍ 1000 രൂപയും കേരളത്തിന് പുറത്ത് 1200 രൂപയും പ്രതിദിനം ദിനബത്തയായി (ഡി.എ) ലഭിക്കും. കെഎസ്ആര്‍ടിസി ബസിലെ യാത്രയും സൗജന്യമാണ്. മൊബൈലും ലാൻ്ഡ് ഫോണും പൂര്‍ണ്ണമായും സൗജന്യമാണ്. വര്‍ഷംതോറും 15000 രൂപ പുസ്തകം വാങ്ങാനുള്ള അലവന്‍സുമുണ്ട്.

സൗജന്യ ചികിത്സ, എല്ലാ ബില്ലും മാറാം

എംഎല്‍എമാര്‍ക്കെല്ലാം ചികിത്സ സൗജന്യമാണ്. ലോകത്ത് എവിടെ ചികിത്സിച്ചാലും ഈ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലഭിക്കും. അതിന് ഒരു പരിധിയും ഏര്‍പ്പെടുത്തിയിട്ടില്ല. കേരളത്തിലെ ആരോഗ്യ രംഗം നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും ഭൂരിഭാഗം എംഎല്‍എമാരും മാന്ത്രിമാരുമെല്ലാം ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രികളിലാണ്. മുഖ്യമന്ത്രിയടക്കം വിദേശത്ത് ചികിത്സ തേടുന്നവരുമുണ്ട്. ഈ ആനുകൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ മന്ത്രിമാരും എംഎല്‍എമാരുമെല്ലാം മുപ്പതിനായിരവും അതിനു മുകളിലും ചിലവാക്കി കണ്ണടകള്‍ വാങ്ങുന്നത്. അതില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരുമുണ്ട്. വക്കം പുരുഷോത്തമന്‍ സ്പീക്കറായ കാലത്ത് കണ്ണടയ്ക്കുള്ള ആനുകൂല്യം പതിനായിരം രൂപയായി നിജപ്പെടുത്തിയിരുന്നു. എന്നാല്‍ അതിനു ശേഷം ഒരു നിയന്ത്രണവും ഇക്കാര്യത്തില്‍ കൊണ്ടുവന്നിട്ടില്ല. അപകട ഇന്‍ഷുറന്‍സ് 20 ലക്ഷം രൂപയാണ്. ഇതിന്റെ പ്രീമിയം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് അടയ്ക്കുന്നത്.

വാഹനത്തിനും വീടിനും വായ്പ

എംഎല്‍എമാര്‍ക്ക് വാഹനം വാങ്ങുന്നതിന് പലിശ രഹിത വായ്പ ലഭിക്കും. പത്ത് ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ ലഭിക്കുക. 5 വര്‍ഷത്തെ കാലാവധിയാണ് ഈ വായപയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇത്കൂടാതെ വീട് നിര്‍മ്മാണത്തിന് കുറഞ്ഞ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. സ്വന്തമായോ പങ്കാളിക്കോ വീടില്ലാത്തവര്‍ക്കാണ് ഈ ആനുകൂല്യം. എന്നാല്‍ രണ്ട് വീടുവരെ സ്വന്തമായുള്ള സാമാജികര്‍ സ്പീക്കറുടെ പ്രത്യേക അനുമതിയോടെ ഈ വായ്പയെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വായ്പയെടുത്ത എംഎല്‍എമാര്‍ മരണപ്പെട്ടാല്‍ ആ വായ്പ ഖജനാവില്‍ നിന്ന് അടച്ച് തീര്‍ക്കുന്ന പുതിയ കീഴ്വഴക്കവും ഇപ്പോള്‍ കേരളത്തിലുണ്ട്. ചെങ്ങന്നൂരിലെ ഇടത് എംഎല്‍എയായിരിക്കെ അന്തരിച്ച ആര്‍.രാമചന്ദ്രന്‍ നായരുടെ നിയമസഭയിലെയും വിവിധ ബാങ്കുകളിലേയും 8,66,697 രൂപയുടെ വായ്പയടക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം അനുവദിച്ചത്. ഇതിനെതിരെ ലോകായുക്തയില്‍ കേസും നിലവിലുണ്ട്.

കാലാവധിക്ക് ശേഷവും ആനുകൂല്യങ്ങള്‍

അഞ്ച് വര്‍ഷമാണ് ഒരു എംഎല്‍എയുടെ കാലാവധി. അതിനു ശേഷം പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുന്ന ഒരു എംഎല്‍എക്ക് 20000 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. രണ്ടോ അതില്‍ താഴെയോ കാലാവധി പൂര്‍ത്തിയാക്കിയാല്‍ 8000, മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 12000, നാല് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ 16000 രൂപ എന്നിങ്ങനെയാണ് പെന്‍ഷന്‍ ലഭിക്കുക. ആവര്‍ത്തിച്ച് എംഎല്‍എമാര്‍ ആകുന്നവര്‍ക്ക് പെന്‍ഷന്‍ തുകയും ഉയരും. ഇത്തരത്തില്‍ 50000 രൂപ വരെ പെന്‍ഷനായി ലഭിക്കും. ഇങ്ങനെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് 70 വയസ് കഴിഞ്ഞാല്‍ 3000 രൂപയും 80 വയസു കഴിഞ്ഞാല്‍ 3500 രൂപയും അധികമായി പെന്‍ഷന്‍ ലഭിക്കും. വര്‍ഷം തോറും 75000 രൂപയുടെ യാത്രാകൂപ്പണും ഇവര്‍ക്ക് നല്‍കാറുണ്ട്. ചികിത്സാനുകൂല്യവും തുടരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top