രണ്ടര ലക്ഷം ശമ്പളം പോരെന്ന് പിഎസ്‌സി; പരിഷ്ക്കരിച്ചാല്‍ ലഭിക്കുക മൂന്നര ലക്ഷത്തോളം രൂപ; പരിഗണിക്കാന്‍ സര്‍ക്കാര്‍

പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പള വര്‍ധനവ് വരുത്തണം എന്ന ആവശ്യം സര്‍ക്കാര്‍ പരിഗണനയില്‍. നിലവില്‍ തന്നെ ഭാരിച്ച ശമ്പളമാണ് പിഎസ്‌സി അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഇത് പോരെന്നും സ്കെയില്‍ ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പളത്തിന് തുല്യമാക്കണം എന്നുമാണ് ആവശ്യം. ശമ്പള വര്‍ധനവ് 2016 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ചെയര്‍മാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.

കത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ സഭയില്‍ വെളിപ്പെടുത്തി. പരിഷ്ക്കരണത്തിന് 35 കോടിയോളം രൂപ ശമ്പള കുടിശിക നൽകാനായി ചെലവാകും. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്നെയാണ് പിഎസ്‌സി ശമ്പള പരിഷ്ക്കരണവും സര്‍ക്കാരിന് മുന്നില്‍ എത്തുന്നത്.

എല്ലാ അലവൻസുകളും ചേർത്ത് നിലവില്‍ 2.26 ലക്ഷം രൂപ ചെയര്‍മാനും 2.23 ലക്ഷം രൂപ അംഗങ്ങള്‍ക്കും ശമ്പളമായി ലഭിക്കുന്നുണ്ട്. ചെയര്‍മാന്‍റെ അടിസ്ഥാന ശമ്പളം 76,450 രൂപയും അംഗങ്ങളുടേത് 70,290 രൂപയുമാണ്‌. ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 2,24,100, അംഗങ്ങളുടെത് 2,19,090 രൂപ എന്നിങ്ങനെയാക്കി ഉയർത്തണമെന്നാണ് ആവശ്യം. വീട്ടുവാടക അലവന്‍സ് 10,000 രൂപയിൽനിന്ന് 35,000 രൂപയാക്കണമെന്നും യാത്രാബത്ത 5000 രൂപയിൽനിന്ന് 10,000 ആക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരിഷ്ക്കരണം വന്നാല്‍ ശമ്പളം കേന്ദ്ര ഡിഎ ഉൾപ്പെടെ മൂന്നരലക്ഷത്തിലധികം രൂപ ലഭിക്കും.

ശമ്പള പരിഷ്ക്കരണം 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പിലാകുക. കത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. ചെയര്‍മാന്‍ ഉള്‍പ്പെടെ 21അംഗങ്ങളാണ് പിഎസ്‌സിയില്‍ ഉള്ളത്. ഇപ്പോള്‍ രണ്ട് ഒഴിവുകളുണ്ട്. അതുകൊണ്ട് 19 അംഗങ്ങളാണ് ഉള്ളത്. ഉയര്‍ന്ന പെൻഷനും കുടുംബത്തിന് ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും. പിഎസ്‌സി അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്നവരാണ് പിഎസ്‌സി അംഗങ്ങള്‍ ആകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top