സൽമാൻ ഒത്തീർപ്പിന് വന്നെന്ന് ബിഷ്ണോയികളുടെ വെളിപ്പെടുത്തൽ; ബ്ലാങ്ക് ചെക്ക് ഓഫർ ചെയ്തെന്ന് രമേഷ് ബിഷ്‌ണോയ്

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ആരോപണവിധേയനായ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയും സംഘവും രാജ്യാന്തര ശ്രദ്ധ നേടിയത്. ബിഷ്ണോയ് സമൂഹത്തിന്റെ ആരാധനാമൃഗമായ കൃഷ്ണമൃഗത്തെ വേട്ടയാടിയതിൽ സൽമാൻ ഖാൻ പരസ്യമായി മാപ്പു പറയണമെന്നാണ് ഗുണ്ടാസംഘത്തിന്റെ ആവശ്യം. ഈ സാഹചര്യത്തിൽ ബിഷ്ണോയ് സമൂഹം ലോറൻസ് ബിഷ്ണോയിക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബന്ധുവായ രമേഷ് ബിഷ്‌ണോയ്.
ബിഷ്ണോയ് സമുദായത്തിന് സൽമാൻ ഖാൻ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്തുവെന്നും എന്നാൽ അത് നിരസിച്ചുവെന്നും ആണ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ രമേഷ് ബിഷ്ണോയ് വെളിപ്പെടുത്തിയിരിക്കുന്നത്. പണമാണ് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ലക്ഷ്യമെന്നുള്ള സൽമാൻ ഖാന്റെ പിതാവ് സലിം ഖാന്റെ ആരോപണത്തിനുള്ള മറുപടിയും രമേഷ് അഭിമുഖത്തിൽ നൽകി.
സൽമാൻ ഖാൻ ഒരു ചെക്ക് ബുക്ക് കൊണ്ടുവന്നു. ഇഷ്ടമുള്ള തുക എഴുതിക്കൊള്ളാൻ പറഞ്ഞു. പണമാണ് ഞങ്ങൾ ആഗ്രഹിച്ചതെങ്കിൽ ഉറപ്പായും ആ ഓഫർ സ്വീകരിക്കുമായിരുന്നു എന്ന് രമേഷ് വ്യക്തമാക്കി. കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന് അറിഞ്ഞപ്പോൾ ബിഷ്ണോയ് സമുദായത്തിനുള്ളിലെ രോഷം എനിക്ക് കാണാമായിരുന്നു. എന്നിട്ടും ഈ വിഷയം പരിഹരിക്കാൻ ഞങ്ങൾ നിയമവ്യവസ്ഥയെ അനുവദിച്ചു. എന്നാൽ സമുദായത്തെ പരിഹസിച്ചാൽ രോഷം ആളിക്കത്തും. ലോറൻസ് ബിഷ്‌ണോയിയെ പിന്തുണയ്ക്കുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1998 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ ജോധ്പൂർ കങ്കണി ഗ്രാമത്തിൽവച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരായ കേസ്. ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഈ നായാട്ട് നടന്നത്. വിചാരണാ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ച സൽമാൻ ഖാനെ 2016ൽ രാജസ്ഥാൻ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെ രാജസ്ഥാൻ സർക്കാർ ഫയൽചെയ്ത അപ്പീൽ പരിഗണനയിലാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here