സല്‍മാന്‍ ഖാന്‍ ഹിറ്റ്‌ ലിസ്റ്റില്‍ ആയത് കൃഷ്ണമൃഗത്തെ വേട്ടയാടിയത് മുതല്‍; ലോറന്‍സ് ബിഷ്ണോയി സംഘത്തെ ഇല്ലാതാക്കാന്‍ സാധിക്കുമോ

എന്‍സിപി അജിത്‌ പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖി വധിക്കപ്പെട്ടതോടെ മുംബൈ പോലീസ് അഗ്നിപരീക്ഷ നേരിടുകയാണ്. പോലീസിന്റെ മൂക്കിന്‍ തുമ്പത്ത് വെച്ചാണ് ബാന്ദ്രയിലെ സ്വാധീനശക്തിയുള്ള നേതാവ് വെടിയേറ്റ്‌ മരിച്ചത്. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാനുമായി അടുത്ത ബന്ധം പുലര്‍ത്തി എന്ന ഒരൊറ്റ കാരണമാണ് ബാബ സിദ്ദിഖി വധത്തിന് പിന്നില്‍ എന്നത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും സല്‍മാന്‍ നേരിടുന്ന ഭീഷണി ശരിയായ അര്‍ത്ഥത്തില്‍ പോലീസ് മനസിലാക്കിയിരിക്കുകയാണ്. സല്‍മാനും കുടുംബത്തിനും നല്‍കുന്ന സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

കൃഷ്ണമൃഗത്തെ വിശുദ്ധ മൃഗമായി കാണുന്ന ബിഷ്‌ണോയ് സമുദായത്തിലെ അംഗമാണ് ലോറൻസ് ബിഷ്‌ണോയി. ‘ഹം സാത്ത് സാത്ത് ഹേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാന്‍ വേട്ടയാടി കൊന്നുവെന്ന ആരോപണം ഉയര്‍ന്നത്. ഈ കേസില്‍ 1998ലാണ് സല്‍മാന്‍ ശിക്ഷിക്കപ്പെടുന്നത്. കേസില്‍ അഞ്ച് വര്‍ഷത്തെ തടവാണ് അദ്ദേഹത്തിന് ലഭിച്ചത്.

Also Read: ഉറക്കം നഷ്ടമായി സല്‍മാന്‍ ഖാന്‍; ബാബ സിദ്ദിഖിയുടെ വധത്തില്‍ ഉലഞ്ഞ് താരത്തിന്റെ കുടുംബവും; വീട് കനത്ത സുരക്ഷയില്‍

സല്‍മാന് ജാമ്യം ലഭിച്ചെങ്കിലും ബിഷ്‌ണോയ് സമുദായത്തിന്റെ ഭീഷണിയുടെ നിഴലിലായി ഈ സൂപ്പര്‍താരം. കേസില്‍ സല്‍മാന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ വെറും അഞ്ച് വയസുമാത്രം പ്രായമാണ് ലോറന്‍സ് ബിഷ്ണോയ്ക്ക് ഉണ്ടായിരുന്നത്. പേരും പ്രശസ്തിയും ലക്ഷ്യമിട്ടാണ് കൃഷ്ണമൃഗ വേട്ട ആയുധമാക്കി ലോറന്‍സ് സല്‍മാന് എതിരെ തിരിയുന്നത്.

പഞ്ചാബി ഗായകൻ  സിദ്ധു മൂസാവാലയുടെയും കർണി സേന തലവൻ സുഖ്‌ദേവ് സിങ് ഗോഗമേദിയുടെയും കൊലപാതകത്തിന് പിന്നില്‍ ലോറന്‍സിന്റെ സംഘമാണ്. ഇപ്പോള്‍ ബാബ സിദ്ദിഖി വധത്തിലും ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ അധോലോക സംഘം രംഗത്തുവന്നിട്ടുണ്ട്. സല്‍മാന്‍ ഖാന് എതിരെ നിരന്തര ഭീഷണിയും ആക്രമവുമായി ഇവര്‍ രംഗത്തുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള സംഘടിത കുറ്റകൃത്യങ്ങളുമായി ഈ ഗുണ്ടാസംഘത്തിന് ബന്ധമുണ്ട്. എന്നാല്‍ പ്രസിദ്ധി പിടിച്ചുപറ്റുന്നത് സൽമാൻ ഖാന് എതിരെയുള്ള ഭീഷണിയിലൂടെയാണ്.

2018ൽ ലോറന്സിന്റെ സംഘത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതോടെയാണ് ബിഷ്‌ണോയി സൽമാൻ ഖാനെതിരെ ഭീഷണി മുഴക്കിയത്. “സൽമാൻ ഖാൻ ജോധ്പൂരിൽ കൊല്ലപ്പെടും… അപ്പോൾ, അപ്പോള്‍ ഞങ്ങളുടെ സംഘത്തിന്റെ ശക്തി മനസിലാകും.” ബിഷ്ണോയി പറഞ്ഞു. അന്ന് മുതല്‍ ഇവര്‍ സല്‍മാന് പിന്നാലെയുണ്ട്. 2022ൽ സല്‍മാന്റെ പിതാവ് സലിം ഖാനാണ് ഭീഷണിക്കത്ത് ലഭിക്കുന്നത്.

Also Read: ബാബാ സിദ്ദിഖിയെ കൊന്നതിൻ്റെ കാരണം വെളിപ്പെടുത്തി; മുന്നറിയിപ്പുമായി ബിഷ്ണോയി സംഘം

പ്രഭാത നടത്തത്തിനിടെ അദ്ദേഹം സ്ഥിരമായി വിശ്രമിക്കുന്ന പാര്‍ക്കിലെ ബെഞ്ചില്‍ വച്ച കുറിപ്പിൽ അച്ഛനും മകനും കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ആ വർഷത്തിന്റെ തുടക്കത്തില്‍ ബിഷ്‌ണോയ് സംഘത്തിൻ്റെ വെടിയേറ്റ് മരിച്ച പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ ഗതി നിങ്ങള്‍ക്കും വരും എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതോടെയാണ് പോലീസ് ഈ വിഷയത്തില്‍ ശ്രദ്ധ കൊടുക്കുന്നത്.

2023 മാർച്ചിൽ ഖാനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്ന ഒരു ഇമെയിൽ ലഭിച്ചു. ഈ സംഭവത്തില്‍ ബാന്ദ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 2024 ഏപ്രിൽ 14ന് ബാന്ദ്രയിലുള്ള ഖാന്റെ വീടിന് പുറത്ത് വെടിവയ്പുണ്ടായി. മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേര്‍ പലതവണ വെടിയുതിർത്ത് രക്ഷപ്പെടുകയായിരുന്നു.

മുംബൈ പൻവേലിലെ ഫാം ഹൗസിന് സമീപം കാർ ആക്രമിച്ച് ഖാനെ വെടിവച്ച് കൊല്ലാനും ബിഷ്‌ണോയ് സംഘത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഈ പദ്ധതി മുംബൈ പോലീസ് അട്ടിമറിച്ചു. ഈ സംഭവത്തില്‍ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് എകെ 47 തോക്കുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ത്യയില്‍ മാത്രം ഒതുങ്ങാത്തതാണ് ഈ സംഘത്തിന്റെ ഭീഷണി.

Also Read: ബാബ സിദ്ദിഖി വധത്തില്‍ പ്രതിയുടെ കള്ളം കോടതി പൊളിച്ചു; പ്രായപൂര്‍ത്തി ആയെന്ന് തെളിഞ്ഞത് ബോണ്‍ ഓസിഫിക്കേഷന്‍ ടെസ്റ്റില്‍

സൽമാൻ ഖാനൊപ്പം ഒരു മ്യൂസിക് വീഡിയോ ചിത്രീകരിച്ചതിന് തൊട്ടുപിന്നാലെ ഈ വർഷം സെപ്റ്റംബറിൽ പഞ്ചാബി ഗായകൻ എ.പി.ധില്ലന്റെ കാനഡയിലെ വീടിന് പുറത്ത് ഇവര്‍ ഭീഷണി പോസ്റ്ററുകള്‍ പതിച്ചു. ഖാന്റെ പിതാവ് സലിം ഖാന് ഇതേ മാസം തന്നെ വീണ്ടും പുതിയ ഭീഷണി ലഭിച്ചു. പ്രഭാത നടത്തത്തിന് പുറത്തിറങ്ങിയപ്പോൾ സ്‌കൂട്ടറിൽ വന്ന ഒരു പുരുഷനും ബുർഖ ധരിച്ച സ്ത്രീയും അദ്ദേഹത്തെ സമീപിച്ച് ലോറൻസ് ബിഷ്‌ണോയിയുടെ പേര് ചൂണ്ടിക്കാട്ടി ഭീഷണി മുഴക്കി.

ഈ പ്രശ്നത്തില്‍ ഏതറ്റം വരെയും പോകും എന്ന് മുന്നറിയിപ്പ് നല്‍കിയാണ് സല്‍മാനുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ബാന്ദ്രയിലെ ശക്തനായ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയെ വധിച്ചത്. ഇതോടു കൂടി സല്‍മാന് കനത്ത സുരക്ഷയൊരുക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് പോലീസിനും ബോധ്യമായി. വൈ പ്ലസ് സുരക്ഷയാണ് ഖാന് ഇപ്പോള്‍ പോലീസ് നല്‍കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top