സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്റെ വധഭീഷണി; അഞ്ചു കോടി അല്ലെങ്കില്‍ ക്ഷേത്രത്തിലെത്തി മാപ്പു പറയണം
ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെയുള്ള വധഭീഷണികളില്‍ കറങ്ങി മഹാരാഷ്ട്ര പോലീസ്. നടനെ വധിക്കുമെന്ന ഭീഷണി സന്ദേശമാണ് വിവിധ സ്‌റ്റേഷനുകളില്‍ ലഭിക്കുന്നത്. ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണിയുളളതിനാല്‍ ഈ സന്ദേശങ്ങളെ അവഗണിക്കാനും കഴിയാത്ത സാഹചര്യമാണ്. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്റെ പേരിലാണ് പുതിയ വധഭീഷണി എത്തിയിരിക്കുന്നത്.
അഞ്ചു കോടി രൂപ അല്ലെങ്കില്‍ ക്ഷേത്രത്തിലെത്തി മാപ്പു പറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും നടന്നില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോളിലേക്കാണ് സന്ദേശം വന്നിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വര്‍ലി പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. സന്ദേശം അയച്ച നമ്പര്‍ കണ്ടെത്തിയിട്ടുണ്ട്.
”ഇതു ലോറന്‍സ് ബിഷ്‌ണോയ്യുടെ സഹോദരനാണ്. സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്” – ഭീഷണി സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.
സല്‍മാന്‍ ഖാനുമായി അടുപ്പമുണ്ടായിരുന്ന എന്‍സിപി നേതാവ് ബാബ സിദ്ധിഖി കൊല്ലപ്പെട്ടതോടെ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി ഭീഷണി സന്ദേശമാണ് പോലീസില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും വ്യാജ സന്ദേശമാണെന്ന് കണ്ടത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here