‘സൽമാന് വേണ്ടി സംസാരിക്കാം, എന്തിന് മാപ്പ് പറയണം’? കൃഷ്ണമൃഗവേട്ടയെക്കുറിച്ചുള്ള നടൻ്റെ ഭാഗം വെളിപ്പെടുത്തി മുൻതാരം സോമി അലി

ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിൻ്റെ ഹിറ്റ്ലിസ്റ്റിൽ ഏറെക്കാലമായി സൽമാൻ ഖാനുണ്ട്. ഖാൻ്റെ അടുത്ത സുഹൃത്തും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിയെ ഇതേ സംഘം ഈയടുത്ത് വധിക്കുകയും ചെയ്തതോടെയാണ് സൽമാൻ്റെ സുരക്ഷയും ഗുരുതര പ്രശ്നമായി ഉയർന്നുവന്നത്. താരത്തെ വധിക്കാൻ 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയ വിവരവും ഈയടുത്ത് പുറത്തുവന്നിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയ് വിഭാഗക്കാരോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ കൊലപ്പെടുത്തും എന്നുമാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിട്ടുള്ള ഭീഷണി.

ഈ സാഹചര്യത്തിലാണ് സൽമാൻ്റെ മുൻ സുഹൃത്തും പല സിനിമകളിലും സഹതാരവുമായിരുന്ന സോമി അലി വിഷയത്തിൽ ഇടപെട്ടത്. കൃഷ്ണമൃഗത്തെ ബിഷ്‌ണോയി സമുദായം ആരാധിക്കുന്ന കാര്യം സൽമാന് അറിയില്ലായിരുന്നുവെന്ന് അവർ പറഞ്ഞു. അക്കാര്യം ബിഷ്ണോയികൾ മനസിലാക്കണം. സൽമാൻ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ട്. തനിക്ക് അറിയാത്ത ഒരു കാര്യം ചെയ്തതിന് എന്തിനാണ് അദ്ദേഹം മാപ്പു പറയേണ്ടത്. അദ്ദേഹം മനഃപൂര്‍വ്വം ചെയ്തതല്ല. അതിന് മാപ്പുപറയാന്‍ ആവശ്യപ്പെടുന്നതിൽ അര്‍ത്ഥമില്ല. അതിൽ ഈഗോയുടെ പ്രശ്നമൊന്നുമില്ലെന്നും നടിയും വനിതാ അവകാശ പ്രവര്‍ത്തകയുമായ സോമി അലി ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഔട്ട്‌ഡോർ ഷൂട്ടിങ്ങിനിടെ ഞാൻ പലതവണ സൽമാനൊപ്പം വേട്ടയ്ക്ക് പോയിട്ടുണ്ട്. 1998ലെ കേസിന് അടിസ്ഥാനമായ കൃഷ്ണമൃഗവേട്ട നടന്നപ്പോഴും ഞാൻ ഒപ്പം പോകേണ്ടതായിരുന്നു. എന്നാൽ ഞാൻ ശബ്ദം ഉണ്ടാക്കുമെന്നും അതുകേട്ട് മൃഗങ്ങൾ ഓടിപ്പോകുമെന്നും പറഞ്ഞാണ് എന്നെ ഒഴിവാക്കിയത്. വെറും വിനോദത്തിനായി മൃഗങ്ങളെ വേട്ടയാടുന്നത് എനിക്ക് ഇഷ്ടമല്ല.ഞാൻ ഒപ്പം പോകാതിരുന്നപ്പോൾ മൃഗങ്ങളെ കിട്ടിയിട്ടുമുണ്ട്”; സോമി അലി ഓർത്തെടുത്തു.

ഇപ്പോൾ അമേരിക്കയിലുള്ള സോമി അലി അടുത്ത മാസം ഇന്ത്യയിലേക്ക് വരുന്നുണ്ട്. ലോറൻസ് ബിഷ്ണോയിയെ നേരിൽ കാണാൻ പറ്റിയാൽ ഇക്കാര്യങ്ങൾ താൻ സംസാരിക്കുമെന്നും താരം പറയുന്നു. സൽമാനുമായോ കുടുംബവുമായോ ഇപ്പോൾ തനിക്കൊരു ബന്ധവുമില്ല. 2012ലാണ് ഒടുവിൽ സംസാരിച്ചത്. ഒരു അക്രമമോ കൊലപാതകമോ ഒഴിവാക്കാൻ കഴിഞ്ഞാൽ എന്ന ഉദ്ദേശ്യത്തിലാണ് നേരിട്ടറിയുന്ന ഇക്കാര്യങ്ങൾ പറയുന്നത്. അപരിചിതനായ ഒരാളുടെ കാര്യത്തിൽ കൊടുക്കുന്ന പരിഗണന മാത്രമേ ഇക്കാര്യത്തിലും ഉള്ളൂവെന്നും താരം പറയുന്നു. 1999ലാണ് സോമി അലിയും സല്‍മാന്‍ ഖാനും തമ്മിൽ വേർപിരിയുന്നത്. അതിനുശേഷം അമേരിക്കയിലേക്ക് പോയ അവർ പിന്നീട് അവിടെ സ്ഥിര താമസമാക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top