ഷവർമ വിഷബാധയില്‍ സാൽമോണെല്ല സ്ഥിരീകരിച്ചു; കൂടുതൽ നടപടികൾ അന്തിമ റിപ്പോർട്ടിന് ശേഷം; മെഡിക്കൽ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമ സിൻഡിക്കറ്റിന്

കൊച്ചി: ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റന്ന സംശയത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. മരണപ്പെട്ട കോട്ടയം തീക്കോയി മണക്കാട്ട് സ്വദേശി രാഹുൽ ഡി നായരുടെ രക്തത്തിൽ സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെ ആണോ ഈ ബാക്‌ടീരിയ യുവാവിന്റെ ശരീരത്തിൽ എത്തിയതെന്ന് പരിശോധിക്കുമെന്ന് തൃക്കാക്കര പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. രാഹുലിന്റെ രക്‌തം അമൃത ആശുപത്രിയിൽ വിശദമായി പരിശോധിച്ചപ്പോഴാണ് ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടത്.

രാഹുലിന്റെ ഹൃദയത്തിൽ നിന്നുള്ള രക്‌ത സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്ന് സ്‌ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി. ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം രണ്ടു ദിവസത്തിനകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടതായും പോലീസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

അന്തിമ റിപ്പോർട്ട് ലഭ്യമായതിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കും. രാഹുലിന്റെ സഹോദരൻ കാർത്തിക്കിന്റെ പരാതിയിൽ കാക്കനാട് മാവേലിപുരത്തെ ‘ലെ ഹയാത്ത്’ ഹോട്ടൽ ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിലവിൽ ഹോട്ടലുടമകൾ ഒളിവിലാണെന്നും തൃക്കാക്കര പോലീസ് അറിയിച്ചു.

അതേ സമയം; രാഹുലിന് ഭക്ഷ്യ വിഷബാധയേറ്റതായി സംശയിക്കുന്ന ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി സമാനരീതിയില്‍ ഭക്ഷ്യവിഷബാധയുമായി ആറുപേർ കൂടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫീസർ ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി. കാക്കനാട് സ്വദേശികളായ ഐഷ്‌ന അജിത്ത്, അഥർവ് അജിത്ത്, ആഷ്‍മി അജിത്ത്, ശ്യാംജിത്ത്, അഞ്‌ജലി, ശരത്ത് എന്നിവരാണ് വിവിധ ദിവസങ്ങളിലായി ചികിൽസ തേടിയത്. രാഹുലിനെ സൺറൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു രണ്ടുപേർ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിൽസക്കെത്തിയതായി ആശുപത്രി അധികൃതരും ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി.

കഴിഞ്ഞ ബുധനാഴ്‌ചയാണ് ‘ലെ ഹയാത്ത്’ ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും രാഹുൽ പാർസലായി വാങ്ങി കഴിച്ചത്. ഇതിന് പിന്നാലെയാണ് രാഹുലിനെ ആരോഗ്യസ്‌ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top