തെലുങ്കിലും ‘ഹേമ കമ്മറ്റി’ വേണമെന്ന് നടി സാമന്ത; ഡബ്ല്യുസിസിയുടെ പോരാട്ടത്തിന് അഭിനന്ദനവും

മലയാള സിനിമയിലെ നടിമാർ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള തുറന്നു പറച്ചിലിന് ഇടയാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പ്രശംസിച്ച് നടി സാമന്ത. തെലുങ്ക് സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സമാനമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് താരം അഭ്യർത്ഥിച്ചു. പുതിയ നയങ്ങൾ രൂപപ്പെടുത്താനും സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും ഈ റിപ്പോർട്ട് സഹായിക്കുമെന്ന് സാമന്ത പറഞ്ഞു.
”തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകൾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു. ഇതിന് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യുസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. തെലുങ്ക് സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കാൻ ലൈംഗിക പീഡനത്തെക്കുറിച്ച് സമർപ്പിച്ച സബ് കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ തെലങ്കാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു,” സാമന്ത ഇൻസ്റ്റഗ്രാമിൽ എഴുതി.
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി പേരാണ് നടന്മാർക്കെതിരെയും സംവിധായകർക്കെതിരെയും മറ്റു സാങ്കേതിക പ്രവർത്തകർക്കെതിരെയും ലൈംഗികാതിക്രമം ഉന്നയിച്ച് പരാതി നൽകിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതിനു പിന്നാലെയാണ് സർക്കാർ ജസ്‌റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, മുതിർന്ന നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരാണ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here