മുസ്ലിം ലീഗ് ജന.സെക്രട്ടറി ജമാഅത്തെ ഇസ്ലാമിയാണ് എന്നതിൽ മാറ്റമില്ലെന്ന് ഹമീദ് ഫൈസി; മുസ്ലിം ലീഗില്‍ ആളിക്കത്തുന്ന കേക്കുമുറി വിവാദം

ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ വിമർശനത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. തങ്ങളെ ഉദ്ദേശിച്ചല്ല പരാമർശങ്ങൾ നടത്തിയതെന്ന ആവർത്തിച്ചുള്ള വിശദീകരണം തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വീണ്ടും രംഗത്തെത്തി. താൻ ഉൾപ്പെട്ട കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്കെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരോക്ഷ വിമർശനം. അതിൻ്റെ ഭാഗമായിട്ടാണ് മുസ്ലിം ലീഗ്‌ നേതാക്കൾക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത് എന്നും സലാം കൂട്ടിച്ചേർത്തു.

ഭീകരമായ തട്ടിപ്പ് കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം ചിലർക്ക് ലീഗ് നേതാക്കളെ കുറ്റം പറയലാണ്. ജനങ്ങൾ അംഗീകരിച്ച രാഷ്ട്രീയമാണ് ലീഗിന്റേത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അത് വ്യക്തമായതാണ്. പിന്നെ എന്തിനാണ് കാലഹരണപ്പെട്ട ആശയങ്ങൾ ഏറ്റെടുത്ത് നടക്കുന്നതെന്നും പിഎംഎ സലാം ചോദിച്ചു.

അതേസമയം സാദിഖലി തങ്ങൾക്കെതിരെ ഒരു പരാമർശം നടത്തിയിട്ടോ ചിന്തിച്ചിട്ടോ ഇല്ലെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് പിഎംഎ സലാമിൻ്റെ പ്രതികരണത്തിന് ശേഷം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞ്. സാദിഖലി ശിഹാബ് തങ്ങൾ ക്രൈസ്തവ സഭകളുടെ ആസ്ഥാനത്ത് പോകുന്നതും അവർ പാണക്കാട് വരുന്നതുമൊക്കെ സൗഹൃദത്തിൻ്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. പിഎംഎ സലാമിനെതിരെയുള്ള വിമർശനങ്ങളിൽ മാറ്റമില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. സലാം സമസ്ത നേതാക്കളെ നിരന്തരം വിമർശിക്കുന്നുവെന്നും ജമാ അത്തെ ഇസ്ലാമി ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഹമീദ് ഫൈസി വിമർശിച്ചു.

സമസ്തയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ജമാ അത്തെ ഇസ്ലാമിയയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാഫി വിഷയം ഉയർത്തി ജമാ അത്തെ ഇസ്ലാമി സമസ്തയിൽ ഭിന്നത ഉണ്ടാക്കിയെന്നും ജമാഅത്തെ ഇസ്ലാമി മുസ്ലീം സംഘടനകളിൽ എല്ലാം ഭിന്നത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത് സമസ്തക്ക് എതിരെ വിമർശനങ്ങൾ നടത്തി ജമാഅത്തെ ഇസ്ലാമി പ്രചാരണം നടത്തുന്നു. ജമാഅത്തെ ഇസ്ലാമിന് ജന പിന്തുണ ഇല്ല. സമസ്തയിൽ ഭിന്നിപ്പുണ്ടാക്കി ജനപിന്തുണ ഉണ്ടാക്കാനാണ് ജമാഅത്തെ ഇസ്ലാമി നീക്കമെന്നും ഹമീദ് ഫൈസി പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങളിൽ സാദിഖലി തങ്ങൾ പങ്കെടുത്തതിന് എതിരെയായിരുന്നു ഹമീദ് ഫൈസി അമ്പലക്കക്കടവ് രൂക്ഷ വിമർശനമുന്നയിച്ചത്. മറ്റ് മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും ഹമീദ് ഫൈസി പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top