തിരഞ്ഞെടുപ്പ് ഫലം പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടിയെന്ന് സമസ്ത മുഖപത്രം; ജനമനസുകളിൽനിന്ന്‌ എല്‍ഡിഎഫ് പിഴുതെറിയപ്പെട്ടു; ലീഗിനും യുഡിഎഫിനും പ്രശംസ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ തോല്‍വിയിലേക്ക് മുതലക്കൂപ്പ് കുത്തിയിരിക്കെ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്തയുടെ മുഖപത്രം. ‘ഇടതുസർക്കാരിന് ജനങ്ങളിട്ട മാർക്ക്’ എന്ന മുഖപ്രസംഗത്തില്‍ സമസ്തയില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കാത്ത വിമര്‍ശനങ്ങളാണ് സുപ്രഭാതം ഉന്നയിക്കുന്നത്. കുറച്ചുകാലമായി സിപിഎമ്മുമായി അടുപ്പം തുടരവേയാണ് പതിവില്‍ നിന്നും വിഭിന്നമായി മുഖപ്രസംഗവുമായി സമസ്തയുടെ മുഖപത്രം രംഗത്തുവരുന്നത്. അതേസമയം ലീഗിനെ പ്രശംസിച്ചു എന്നതും ശ്രദ്ധേയമാണ്.

ഇടതുമുന്നണിയെ വിജയിപ്പിക്കണം എന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് പരസ്യം സുപ്രഭാതം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ മുസ്ലിംലീഗ് രംഗത്ത് വന്നപ്പോള്‍ പരസ്യം നല്‍കിയത് സമസ്ത ന്യായീകരിക്കുകയും ചെയ്തിരുന്നു. സമസ്തയിലെ ലീഗ് എതിര്‍പ്പിന്റെ ശക്തി കുറയുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെയാണ് ലീഗിനെ പ്രശംസിച്ചുകൊണ്ട് മുഖപത്രം തന്നെ രംഗത്തുവന്നതും.

ഇടത് ഭരണത്തിനും സിപിഎമ്മിലും ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസത്തിൽ വലിയ ഇടിവ് സംഭവിച്ചിരിക്കുന്നുവെന്ന് പത്രം ചൂണ്ടിക്കാണിക്കുന്നു. “ജനമനസുകളിൽനിന്നാണ് എല്‍ഡിഎഫ് പിഴുതെറിയപ്പെട്ടത്. ഇത് വിശകലന വിധേയമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിൽ തുടങ്ങി എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം വരെ നീളുന്ന എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളം എഴുതിയ വിധി.” – സുപ്രഭാതം കുറ്റപ്പെടുത്തുന്നു. യുഡിഎഫിന് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ് ഈ ജനവിധി. 18 എന്ന വലിയ സംഖ്യയാണ് യുഡിഎഫ് അക്കൗണ്ടിൽ. ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യാ സഖ്യത്തിന് കരുത്തുപകരുന്നതാണ് ഈ എണ്ണമെന്നതാണ് ഏറെ ശ്രദ്ധേയവും. ഇത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് നവോന്മേഷത്തിന് ഇടയാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ മുസ്‌ലിം ലീഗിന്റെ വിജയവും എടുത്തുപറയേണ്ടതാണ്.

സുപ്രഭാതം എഡിറ്റോറിയല്‍ ഇങ്ങനെ:   

2019ന് സമാനമായി എൽഡിഎഫിന് ഇക്കുറിയും ലഭിച്ചിരിക്കുന്നത് ഒരു സീറ്റ് മാത്രമാണ്. സ്ഥിതി മെച്ചപ്പെടുത്താൻ കഴിയാത്തതിലേറെ, വോട്ടുവിഹിതത്തിലുണ്ടായ കുറവാണ് സിപിഎമ്മിനെ ഏറെ ആശങ്കപ്പെടുത്തുന്നത്. പോരായ്മകൾ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കണക്കാക്കാം. 2019ൽ സമാന തിരിച്ചടിയുണ്ടായപ്പോൾ ‘എന്റെ ശൈലി, എന്റെ ശൈലിയാണ്. അതിന് മാറ്റമുണ്ടാകില്ല’എന്ന് പറഞ്ഞ പിണറായി, തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്ന് പറയുന്നത് പരാജയത്തിന്റെ മുറിവാഴത്തിൽനിന്ന് മാത്രമല്ല, കേരളരാഷ്ട്രീയത്തിലെ ദിശമാറ്റത്തിന്റെ ആശങ്കയുടെ തിരിച്ചറിവിൽനിന്നു കൂടിയാണ്. 

തൊഴിലാളി പാർട്ടിയായ സിപിഎം എത്രമാത്രം സാധാരണ ജനങ്ങളിൽനിന്ന് അകന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന മറ്റൊരു പാഠം. തുടർച്ചയായി സർക്കാരും സിപിഎമ്മും എടുക്കുന്ന ജനവിരുദ്ധ നിലപാടുകളും നയങ്ങളും അതിരൂക്ഷമായ വിമർശനങ്ങൾക്ക് കഴിഞ്ഞ കുറെ നാളുകളായി ഇടയാക്കിയിരുന്നു. ജനഹിതം എതിരാണെന്ന് അറിഞ്ഞിട്ടും അതേ നയങ്ങൾ തുടരാനായിരുന്നു സർക്കാർ ശ്രദ്ധ ചെലുത്തിയത്. അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിന്റെയും വക്താക്കളായി ഒരുമറയുമില്ലാതെ സിപിഎം നേതാക്കൾ മാധ്യമങ്ങൾക്ക് മുമ്പിൽപോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികർത്താക്കളിട്ട മാർക്കാണ് ഈ ഒറ്റസംഖ്യ. 

ഒരു കാലത്ത് കേരള മാതൃകയായിരുന്നു പൊതുജനാരോഗ്യം, പൊതുവിതരണ മേഖല, വിദ്യാഭ്യാസം-_എല്ലാം കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരത്തിന്റെ ചുമതലയെങ്കിലും പോലീസ് രാജിൽ സംസ്ഥാനത്തെ പൗരാവകാശം വരെ ചവിട്ടിയരക്കപ്പെട്ടു. മുറവിളികൾ ഏറെ ഉയർന്നിട്ടും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സർക്കാരിന്റെ ഉറക്കംകെടുത്തിയില്ലെന്നത് വിദ്യാർഥി വഞ്ചനയുടെ നേർസാക്ഷ്യമായി. ഇതിനെല്ലാം പുറമെ തുടർഭരണം നൽകിയ അധികാര ധാർഷ്ട്യം പ്രാദേശിക സിപിഎം നേതാക്കളെ പോലും സാധാരണക്കാരിൽനിന്ന് അകറ്റി. 4000 കോടിയോളം രൂപയുടെ നികുതിയാണ് അധികമായി ചുമത്തിയത്. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ രണ്ടു രൂപ സെസ് തുടർന്നു. കെട്ടിട നിർമാണമേഖലയിലെ നികുതിയും ഫീസുകളും ഗണ്യമായി വർധിപ്പിച്ചു.

ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. കരുവന്നൂരടക്കമുള്ള സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പുകളിൽ പാർട്ടി നേതാക്കൾ തന്നെ പ്രതികളായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം വിദേശയാത്രകൾ നടത്തിയതിൽ വിമർശിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ഉയർന്ന ആരോപണങ്ങളെയും സിപിഎം ഗൗരവമായി കണ്ടില്ല. ഇതിനെല്ലാം സാധാരണക്കാരുടെ ജനാധിപത്യപരമായ പ്രതിഷേധം തന്നെയാണ് ഈ വിധിയെഴുത്ത് എന്ന പാഠം ഇടതുമുന്നണി തിരിച്ചറിയേണ്ടിയിരിക്കുന്നു. 

ചില ആപൽസൂചനകളും ഈ വിധിയെഴുത്തിലുണ്ടായി. സംഘ്പരിവാർ ശക്തികളെ എക്കാലവും അകറ്റിനിർത്താനുള്ള ആർജവം മതേതര കേരളം പുലർത്തിപ്പോന്നിരുന്നു. ഇക്കുറി തൃശൂരിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ജയം ഇതിന്റെ തിരുത്താണെന്ന് വിലയിരുത്തുന്നവരുണ്ട്. ബിജെപി വിജയത്തിൽ ആരോപണങ്ങളുമായി എൽഡിഎഫും യുഡിഎഫും രംഗത്തുവന്നിട്ടുണ്ട്. നിജസ്ഥിതി പുറത്തുവരണം.
 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top