സുപ്രഭാതം’ കത്തിച്ചതോടെ ലീഗ്-സമസ്ത പോര് തെരുവിലേക്ക്; ലീഗ് ജനറല്‍ സെക്രട്ടറി സമസ്തയെ അപമാനിക്കുന്നു എന്ന് ഉമര്‍ ഫൈസി; തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ആഞ്ഞടിച്ച് സമസ്ത രംഗത്ത്

മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സമസ്തയും ലീഗും തമ്മിലുള്ള പോര് തെരുവിലേക്ക് വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ലീഗ് നേതാക്കള്‍ തെരുവില്‍ കത്തിച്ചതോടെയാണ് ലീഗ്-സമസ്ത പോര് വഷളായത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചതാണ് പ്രതിഷേധത്തിന്റെ കാരണമെന്നു പറയുന്നുണ്ടെങ്കിലും ലീഗും സമസ്തയും തമ്മിലുള്ള പോര് മറ നീക്കുന്നുവെന്നാണ് പത്രം കത്തിക്കല്‍ സംഭവം തെളിയിക്കുന്നത്.
ലീഗിനോട് അടുത്ത് നിന്നിരുന്ന ഇകെ വിഭാഗം സമസ്ത ഇപ്പോള്‍ സിപിഎമ്മിനോട് കൂടുതല്‍ അടുത്തതാണ് ലീഗ് നേതാക്കളെ പ്രകോപിപ്പിക്കുന്നത്. കടുത്ത ഭാഷയിലാണ് സമസ്ത നേതൃത്വം പത്രം കത്തിച്ച സംഭവങ്ങളില്‍ പ്രതികരിക്കുന്നത്. സമസ്തയേയും സമസ്ത പണ്ഡിതരേയും അവഹേളിക്കുകയാണ് പത്രം കത്തിക്കലിലൂടെ ലീഗ് നേതാക്കള്‍ ചെയ്തതെന്നു സമസ്ത നിലപാട് എടുത്തതോടെയാണ് ലീഗ് നേതാക്കള്‍ വെട്ടിലായത്. പത്രം കത്തിച്ചത് ലീഗ് നേതാവല്ല എന്ന് നിഷേധിക്കാനും കഴിയാത്ത അവസ്ഥയിലാണ്.
ലീഗ്-സമസ്ത പ്രശ്നം മൂർച്ഛിക്കുമ്പോഴാണ് കടുത്ത ഭാഷയില്‍ ലീഗിനെതിരെ പ്രസ്താവനയുമായി ഇന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി രംഗത്ത് വരുന്നത്. പ്രശ്നങ്ങളില്‍ പരസ്യ പ്രതികരണം നടത്താത്ത സമസ്ത രീതി മാറ്റിവെച്ചാണ് അദ്ദേഹം മാധ്യങ്ങളുമായി സംസാരിച്ചത്. “സമസ്ത വിലക്കിയ പരിപാടികളില്‍ പാണക്കാട്ടെ ലീഗ് നേതൃത്വം പങ്കെടുക്കുന്നു. പൗരത്വ പ്രശ്നത്തില്‍ ലീഗ് നേതൃത്വം സമസ്തയ്ക്ക് എതിരെ നിലപാടെടുത്തു. ലീഗ് ജനറല്‍ സെക്രട്ടറി നിരന്തരം സമസ്തയെ അപമാനിക്കുകയാണ്.” – ഫൈസി പറഞ്ഞു.
ഒരു പടി കൂടി കടന്നു മുന്നോട്ട് പോകാനും അദ്ദേഹം തയ്യാറായി. “ചന്ദ്രിക പത്രത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തതാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ മരണാസന്നനാക്കിയതെന്ന അതിഗുരുതരമായ ആരോപണം പൊന്നാനി ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എസ്.ഹംസ ഉയര്‍ത്തിയിട്ടുണ്ട്. ഹംസ പറയുന്നത് വാസ്തവമല്ലേ? അതിന് കാരണക്കാര്‍ ലീഗ് നേതൃത്വമല്ലേ?” ഫൈസി ചോദിച്ചു. ലീഗിനെ കടന്നാക്രമിച്ചാണ് അദ്ദേഹം സംസാരിച്ചത്.
പത്രം കത്തിച്ചതിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രഭാതം മാനേജ്മെന്റും രംഗത്ത് വന്നിട്ടുണ്ട്. പത്രം കത്തിച്ചത് അങ്ങേയറ്റത്തെ അസാംസ്‌കാരിക പ്രവര്‍ത്തനവും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളിയുമാണെന്ന് സുപ്രഭാതം മാനേജിങ് ഡയരക്ടര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, മാനേജിങ് എഡിറ്റര്‍ ടി.പി.ചെറൂപ്പ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫ്-എല്‍ഡിഎഫ് പരസ്യങ്ങള്‍ നിരവധി തവണ സുപ്രഭാതം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സുപ്രഭാതത്തിനെതിരേ നടത്തുന്ന ഒരു അരിശം തീര്‍ക്കല്‍ പരിപാടിയാണ് ഇതെന്നാണ് പത്രം വ്യക്തമാക്കുന്നത്. പത്രം കത്തിക്കല്‍ പ്രശ്നം ലീഗും-സമസ്തയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി മാറുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ പോര് തുടരുമെന്ന് തന്നെയാണ് പത്രം കത്തിക്കലും അതിനെ തുടര്‍ന്ന് വന്ന ഉമര്‍ ഫൈസിയുടെ പ്രതികരണവുമൊക്കെ തെളിയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here